കൊല്ലം: നീറ്റ് പരീക്ഷാഫലത്തിൽ കൃത്രിമം കാണിച്ച് തുടർപഠനത്തിന് ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ മടത്തറ മേഖല കമ്മിറ്റി അംഗവും ബാലസംഘം കടയ്ക്കൽ ഏരിയ കോ-ഓർഡിനേറ്ററുമായ മടത്തറ സെമിഖാനാണ് തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായത്.
2021-22 നീറ്റ് പരീക്ഷയിൽ യോഗ്യത നേടാതിരുന്ന സെമിഖാൻ സ്കോർ ഷീറ്റിൽ കൂടുതൽ മാർക്കും ഉയർന്ന് റാങ്കും നേടിയതായി കൃത്രിമ രേഖ സൃഷ്ടിച്ചു. നീറ്റ് പരീക്ഷയിൽ 468 മാർക്കുണ്ടെന്നും തുടർപഠനത്തിന് പ്രവേശനം കിട്ടുന്നില്ലെന്നും കാണിച്ച് സെമിഖാൻ തന്നെ ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും സംഭവത്തിൽ റൂറൽ എസ്പി നേരിട്ട് അന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തു.
പോലീസ് സൈബർ വിഭാഗവും ചിതറ പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് സെമിഖാൻ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ഒരു ദിവസം നീണ്ട പരിശോധനയ്ക്കും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Comments