വാഷിംഗ്ടൺ: വിദ്യാർത്ഥിനികളോട് ഷർട്ട് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ട അദ്ധ്യാപകന് സസ്പെൻഷൻ. യുഎസിലെ മേരിലാൻഡിലുള്ള ടകോമ-സിൽവർ സ്പ്രിംഗ് ക്യാമ്പസിലെ പ്രൊഫസറിനെതിരെയാണ് നടപടി. എജുക്കേഷൻ ഡിപ്പാർട്ട്മെന്റിലെ സിവിൽ റൈറ്റ്സ് ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ മൂന്ന് മാസം നീണ്ട അന്വേഷണം നടത്തിയതിനൊടുവിലാണ് അദ്ധ്യപകനെതിരെ നടപടിയെടുത്തത്.
ക്ലാസ് എടുക്കുന്നതിനിടെ അദ്ധ്യാപനത്തിന്റെ ഭാഗമെന്ന വ്യാജേന 11 വിദ്യാർത്ഥിനികളോട് അവർ ധരിച്ചിരുന്ന ഷർട്ട് അഴിച്ചുമാറ്റാനായിരുന്നു പ്രൊഫസർ ആവശ്യപ്പെട്ടത്. മെഡിക്കൽ അസെസ്സ്മെന്റിന് വേണ്ടിയാണിതെന്നായിരുന്നു അദ്ധ്യാപകന്റെ വാദം. തുടർന്ന് വിദ്യാർത്ഥിനികളോട് അവരുടെ സ്തനങ്ങളെക്കുറിച്ചും സ്തന വലിപ്പത്തെക്കുറിച്ചും മോശമായി സംസാരിച്ചുവെന്നും ആരോപണമുണ്ട്. പ്രസ്തുത സംഭവത്തിന് മുമ്പ് ക്യാമ്പസിലെ മറ്റ് ചില സ്ത്രീകളോടും അദ്ധ്യാപകൻ മോശമായി പെരുമാറിയെന്ന വിമർശനം ഉയർന്നിരുന്നു. ലാബ് ജാക്കറ്റുകൾ ധരിച്ചിരുന്ന വനിതകളോട് ജാക്കറ്റ് അഴിച്ചുമാറ്റാനായിരുന്നു ഇയാൾ ആവശ്യപ്പെട്ടത്. പ്രൊഫസർക്കെതിരെ ഉയർന്ന ആദ്യത്തെ ലൈംഗികാരോപണം നടന്നത് 2019 ഒക്ടോബറിലായിരുന്നു. തൊട്ടുപിന്നാലെ തന്നെ അദ്ധ്യാപകനോട് നിർബന്ധിത അവധിയെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു ക്യാമ്പസ് അധികൃതർ.
നിലവിൽ പ്രൊഫസറെ സസ്പെൻഡ് ചെയ്തുവെങ്കിലും ഇയാളുടെ പേര് പുറത്തുവിടാൻ ക്യാമ്പസ് അധികൃതർ തയ്യാറായിട്ടില്ല. ഇതുസംബന്ധിച്ച് പോലീസിലും പരാതി നൽകിയിട്ടില്ല.
Comments