പിറന്നാൾ നിറവിൽ ഇന്ത്യയുടെ അഭിമാനമായ എംഎം കീരവാണി. എആർ റഹ്‌മാന് ശേഷം ഇന്ത്യൻ ജനതയ്‌ക്ക് അഭിമാനമായി മാറിയ സംഗീത സംവിധായകനാണ് കീരവാണി. അദ്ദേഹത്തിന്റെ 62-ാം ജന്മദിനമാണ് ഇന്ന്. പത്താം വയസിൽ വയലിന് വായിച്ച് തുടങ്ങി, മാർച്ചിൽ ആർആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു ഗാനത്തിന് ഓസ്‌കാർ നേടിയത് വരെയുള്ള സുവർണ കാലഘട്ടത്തിൽ ലോകസിനിമയ്‌ക്ക് നൽകിയത് പകരം വെയ്‌ക്കാനില്ലാത്ത സംഭാവനകളാണ്. സംഗീത സംവിധായകൻ, പിന്നണി ഗായകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ ഇന്ത്യൻ സിനിമയിൽ നിറഞ്ഞ് നിൽക്കാൻ തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ടോളമായി.
ഹിന്ദി, തമിഴ്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലായി 250-ഓളം ചിത്രങ്ങൾക്ക് വേണ്ടിയാണ് കീരവാണി സംഗീതം നൽകിയട്ടുള്ളത്. കേൾവിക്കാരന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന മാജിക്കാണ് കീരവാണിയുടെ ഈണങ്ങൾ. അദ്ദേഹത്തിന്റെ വിരൽത്തുമ്പിൽ പിറന്ന ഗാനങ്ങൾ എന്നും എപ്പോഴും ജനപ്രിയമായി തുടരുന്നതിന്റെ കാരണവും ഇതുതന്നെയാണ്.

ആന്ധ്രാപ്രദേശിലെ കോവ്വൂർ എന്ന ഗ്രാമത്തിൽ 1961-ലാണ് മരതകമണി കീരവാണിയുടെ ജനനം. മലയാള സംഗീതസംവിധായകൻ രാജാമണി, തെലുങ്ക് സംഗീതസംവിധായകൻ കെ ചക്രവർത്തി എന്നിവർക്കൊപ്പം സഹസംഗീത സംവിധായകനായാണ് കീരവാണി തന്റെ സംഗീത ജൈത്രയാത്ര ആരംഭിക്കുന്നത്. 1987-ലായിരുന്നു അത്. 1990-ലാണ് സ്വതന്ത്ര സംവിധാനത്തിലേക്ക് കടക്കുന്നത്. എന്നാൽ ആ ചിത്രം റിലീസ് ആകാതെ പോവുകയായിരുന്നു. പിന്നീട് അതേ വർഷം തന്നെ പുറത്തിറങ്ങിയ രാം ഗോപാൽ വർമയുടെ ക്ഷണ നിമിഷം എന്ന സിനിമയിലെ ഗാനം കീരവാണിയെ സംഗീത സംവിധായകനാക്കി. അതോടെ കീരവാണിയെന്ന ബ്രാൻഡിനെ തേടി ദക്ഷിണേന്ത്യയിലെ മറ്റ് ഇൻഡ്‌സ്ട്രികളിൽ നിന്ന് ഓഫറുകൾ വന്നുതുടങ്ങി. പിന്നീടങ്ങോട്ട് കീരവാണി യുഗമായിരുന്നു.

കീരവാണി മാജിക് പുതിയ തലമുറയിലും അലയടിക്കുന്നു. ബാഹുബലി മുതൽ ആർആർആർ വരെ നീളുന്ന സിനിമയിലെ ഗാനങ്ങളിലൂടെ പുതിയ തലമുറയ്‌ക്കും ഹരമായി മാറി അദ്ദേഹം. ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും ഓസ്‌കാർ മധുരവും ഇന്ത്യയ്‌ക്ക് വീണ്ടും നുണയാൻ കഴിഞ്ഞത് കീരവാണിയിലൂടെയായിരുന്നു. ഒന്നര പതിറ്റാണ്ടിനപ്പുറമാണ് ഭാരത മണ്ണിലേക്ക് ഓസ്‌കാർ പുരസ്‌കാരമെത്തിയത്. പുരസ്‌കാരങ്ങളിലൊന്നും ഒതുങ്ങി നിൽക്കാതെ ഇന്ത്യൻ സംഗീതത്തിലെ വിസ്മയം ഇനിയും ഉയരട്ടെ, ലോകസംഗീതത്തിന് മുൻപിൽ ഇന്ത്യയെ വാനോളമുയർത്താൻ ഇനിയും കഴിയട്ടെ… സംഗീത വിസ്മയത്തിന് പിറന്നാളാശംസകൾ..
















Comments