തിരുവനന്തപുരം: ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ട്രോഫി ഈ മാസം പത്തിന് കേരളത്തിലെത്തും. ട്രോഫി 10 മുതൽ 12 വരെയായിരിക്കും കേരളത്തിൽ ഉണ്ടാകുക.ലോകകപ്പിനു മുന്നോടിയായി നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് കേരളത്തിലും ട്രോഫി എത്തുന്നത്. 2 ദിവസങ്ങളിലായി തിരുവനന്തപുരവും കൊച്ചിയും ഉൾപ്പെടെയുള്ള നഗരങ്ങളിലായിരിക്കും ട്രോഫിയുടെ പര്യടനം.
ജൂൺ 26ന്, ഭൂമിയിൽ നിന്ന് ഏകദേശം 120000 അടി ഉയരത്തിലുള്ള സ്ട്രാറ്റോസ്ഫിയറിൽ നിന്നാണ് ലോകകപ്പ് ട്രോഫി പര്യടനം ആരംഭിച്ചത്. ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന വേദിയായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ എത്തിച്ച ശേഷം അവിടെ നിന്ന് മറ്റ് നഗരങ്ങളിലേക്ക് പര്യടനം വ്യാപിപ്പിക്കുകയായിരുന്നു.
ഒക്ടോബർ 5 മുതൽ നവംബർ 19വരെ ഇന്ത്യയിലെ വിവിധ വേദികളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. ഒക്ടോബർ അഞ്ചിന് നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടുന്നതോടെ ലോകകപ്പിന് തുടക്കമാകും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന-ഫൈനൽ മത്സരങ്ങൾ. നവംബർ 19നാണ് ഫൈനൽ. ഇന്ത്യയുടെ ആദ്യമത്സരം മുൻ ചാമ്പ്യൻമാരായ ഓസ്ട്രേലിയയുമായിട്ടാണ്. ഒക്ടോബർ എട്ടിനാണ് മത്സരം. ഒക്ടോബർ 15നാണ് ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്താൻ പോര്.
















Comments