മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ മറ്റൊരു നേതാവില്ലെന്ന് എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നോട്ട് കുതിക്കുകയാണ്. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നതിന് വേണ്ടിയാണ് മഹാരാഷ്ട്ര സർക്കാരിന്റെ ഭാഗമായത്. മോദിക്ക് പകരമായി മറ്റൊരാളില്ലെന്നും അജിത് പവാർ പറഞ്ഞു. ഇതാദ്യമായല്ല എൻസിപി നേതാവ് അജിത് പവാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുന്നത്. നേരത്തെ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോഴും അതിന് മുമ്പും പലതവണ അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
63-കാരനായ അജിത് പവാർ കഴിഞ്ഞ ദിവസമായിരുന്നു എൻഡിഎയ്ക്ക് പിന്തുണ നൽകുകയാണെന്ന നിർണായക തീരുമാനം കൈക്കൊണ്ടത്. ബിജെപി-ശിവസേന സർക്കാരിന്റെ ഭാഗമായി മാറിയ അജിത് പവാറുൾപ്പെടെയുള്ള എൻസിപിയുടെ നേതാക്കൾ ദക്ഷിണ മുംബൈയിൽ പാർട്ടിയുടെ പുതിയ ഓഫീസ് തുടങ്ങുകയും ചെയ്തു.
ഏഴാമത്തെ പ്രാവശ്യമാണ് സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി അജിത് പവാർ ചുമതലയേൽക്കുന്നത്. മഹാരാഷ്ട്ര സർക്കാരിൽ ഏതെല്ലാം വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹത്തിന് നൽകുകയെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. വൈകാതെ തന്നെ അദ്ദേഹത്തിന്റെ വകുപ്പുകൾ പ്രഖ്യാപിക്കുമെന്നാണ് വിവരം.
Comments