തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ. മൂന്ന് അലോട്ട്മെൻ്റുകളിലെ പ്രവേശനം പൂർത്തിയാക്കിയാണ് ക്ലാസുകൾ ഇന്ന് ആരംഭിക്കുന്നത്. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. വിദ്യാർത്ഥികളെ സ്വീകരിക്കാൻ സ്കൂളുകളിൽ പ്രത്യേക പൊതുയോഗങ്ങളും ഒരുക്കുന്നുണ്ട്. സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ ആറ് ജില്ലകളിൽ ജില്ലാ കളക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ മഴക്കെടുതി മൂലം ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ച ജില്ലകളിൽ കുട്ടികള്‍ സ്കൂളുകളിൽ ഹാജരാകേണ്ടതില്ല. കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെയാണ് അവധി.
മൂന്ന് അലോട്മെൻറുകളിലെ വിദ്യാർത്ഥി പ്രവേശനം പൂർത്തിയാക്കിയാണ് പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങുന്നത്. വോക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 22,145 പേർ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്ററി അലോട്ട്മെന്റ് ഒഴിവുകളിലുള്ള അപേക്ഷ ജൂലൈ 8 മുതൽ 12 വരെയാണ്. പ്രവേശനോത്സവത്തിന് സമാനമായി ഓരോ സ്കൂളുകളിലും പൊതുയോഗങ്ങൾ സംഘടിപ്പിച്ചാണ് വിദ്യാർത്ഥികളെ സ്വീകരിക്കുക. മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം മണക്കാട് ഗവണ്മെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെത്തി രാവിലെ വിദ്യാർത്ഥികളെ കാണും. സ്കൂൾ വിഭാഗത്തിലെ ക്ലാസുകളെ ബാധിക്കാതെ അസംബ്ലി ഹാളിൽ പ്ലസ് വൺ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്വീകരിക്കും. തുടർന്ന് അധ്യാപകരെ പരിചയപ്പെടുത്തി, അച്ചടക്കം, ആരോഗ്യ മാർഗനിർദ്ദേശങ്ങൾ മയക്കുമരുന്നിനെതിരായ അവബോധവും നൽകും.
വിദ്യാർത്ഥികൾ എത്തുന്നതിന് മുന്നോടിയായി വിപുലമായ ക്രമീകരണങ്ങളും സ്കൂളുകളിൽ ഒരുക്കിയിട്ടുണ്ട്. അതേസമയം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിട്ടും പ്രവേശനം ലഭിക്കാത്തതിൽ വിവിധ ജില്ലകളിൽ നിന്ന് പരാതികളും വ്യാപകമായിരുന്നു. അതേസമയം അധിക ബാച്ചുകൾ അനുവദിച്ചിട്ടും മലപ്പുറം ഉൾപ്പടെയുള്ള വടക്കൻ ജില്ലകളിൽ വിദ്യാർത്ഥികൾ പലരും പ്രവേശനം ലഭിക്കാത്തവരുടെ പട്ടികയിലാണ്.
Comments