വെസ്റ്റിൻഡീസിനെതിരായ ട്വന്റി ട്വന്റി പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചിരിക്കുകയാണ്. വിൻഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ റിങ്കു സിങിന്റെ പേര് സജീവമായിരുന്നു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മിന്നിയ റിങ്കുവിനെ ഫിനിഷറായി ടീമിലെടുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി മുംബൈ ഇന്ത്യൻസ് താരം തിലക് വർമയ്‌ക്ക് അവസരം നൽകിയപ്പോൾ റിങ്കുവിനെ തഴയുകയായിരുന്നു. എന്നാൽ ഇതിന് വിശദീകരണം നൽകാൻ ബിസിസിഐ അധികൃതർ തയ്യാറായിട്ടില്ല. അതേസമയം വരുന്ന പരമ്പരകളിൽ താരത്തിന് ഇടം നൽകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഇത്രയേറെ മികച്ച പ്രകടനം നടത്തിയിട്ടും റിങ്കുവിനെ എന്തുകൊണ്ട് ടി20 ടീമിലേക്ക് പിഗണിച്ചില്ല എന്നതാണ് ആരാധകരുടെ ചോദ്യം. റിങ്കു പാവപ്പെട്ട പശ്ചാത്തലത്തിൽ നിന്ന് വരുന്ന താരമായതുകൊണ്ടാണോ ഈ അവഗണനയെന്നാണ് ആരാധകർ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ചോദിക്കുന്നത്. അലിഗഢിലെ തെരുവുകളിൽ നിന്നും ഒരു നക്ഷത്രം പോലെ റിങ്കു ഉദിച്ചുയരുന്നത് കൊൽക്കത്തക്കായി അവസരം ലഭിച്ചതോടെ കാണാൻ സാധിച്ചു. 5 സിക്സറുകൾ പറത്തി കെകെആറിന് മഹത്തായ വിജയം സമ്മാനിച്ച രാത്രി, റിങ്കുവിന് ബിസിസിഐ കരാർ നൽകണമെന്ന് ആരാധകർ ആവശ്യപ്പെട്ട നിമിഷം മുതൽ ഇന്ത്യൻ ക്രിക്കറ്റിന്റെ താരമായി അദ്ദേഹം വളർന്നുകഴിഞ്ഞു. കൊൽക്കത്തക്കായി ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റിങ്കു 474 റൺസുമായി ഓറഞ്ച് ക്യാപ് മത്സരത്തിലും മുന്നിലായിരുന്നു.
2024ലെ ടി20 ലോകകപ്പ് മുന്നിൽക്കണ്ട് യുവ താരങ്ങൾക്കെല്ലാം ഇടം നൽകിയാണ് പുതിയ സെലക്ഷൻ കമ്മിറ്റി ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഹർദിക് പാണ്ഡ്യ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റനായി സൂര്യകുമാർ യാദവുണ്ട്. വിക്കറ്റ് കീപ്പർമാരായി ഇഷാൻ കിഷനും സഞ്ജു സാംസണുമാണുള്ളത്.
Comments