ഇന്ന് ആറ് പനി മരണം; പ്രതിദിന പനി ബാധിതർ 10,830; ഡെങ്കിപ്പനി 72 പേർക്ക്; എലിപ്പനി ബാധിതരും കൂടുന്നു

Published by
Janam Web Desk

തിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണം വർദ്ധിക്കുന്നതിൽ ആശങ്ക. ഇന്ന് ആറ് പേർ പനി ബാധിച്ച് മരിച്ചു. സർക്കാർ ആശുപത്രികളിൽ 10,830 പേർ പനിക്ക് ചികിത്സ തേടി. കൂടാതെ 72 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

395 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയിരിക്കുന്നത്. 24 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഒരാൾ എലിപ്പനി ബാധിച്ച് മരിച്ചു. ആകെ പനി മരണം ആറായി ഉയർന്നു. വരുന്ന രണ്ടാഴ്ച നിർണായകമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലകൾക്കും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കുട്ടനാടൻ മേഖലയിൽ കരയിലും വെള്ളത്തിലും മൊബൈൽ മെഡിക്കൽ ടീമുകളെ സജ്ജമാക്കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം ഉറപ്പാക്കാനുള്ള നിർദേശവും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.

ഡെങ്കിക്കൊപ്പം എലിപ്പനി വ്യാപനവും സംസ്ഥാനത്ത് രൂക്ഷമാവുകയാണ്. എലി മാളങ്ങളിൽ വെള്ളം കയറുന്നതോടെ എലിമൂത്രം വെള്ളത്തിൽ കലരുകയും രോഗം അതിവേഗം പടരുകയും ചെയ്യും. ചെളിയിലോ മലിന ജലത്തിലോ  ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. കുട്ടികളിലും മറ്റ് അസുഖ ബാധിതരിലും രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്.

Share
Leave a Comment