തിരുവനന്തപുരം: ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആഖ്യാന ചിത്രരചനാരംഗത്ത് തനതായ ശൈലിയോടെ ആചാര്യസ്ഥാനത്തുനിന്ന പ്രതിഭാശാലിയാണ് ആർട്ടിസ്റ്റ് നമ്പൂതിരി. വിവിധങ്ങളായ സർഗസാഹിത്യ സൃഷ്ടികളുടെ കഥാപാത്രങ്ങളെ വായനക്കാരുടെ മനസ്സിൽ എല്ലാ കാലത്തേക്കുമായി പതിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ രചനാതന്ത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാള സാഹിത്യത്തിലെ പല കഥാപാത്രങ്ങളെയും നാം മനസ്സിലാക്കുന്നതും ഓർമ്മിക്കുന്നതും ആർട്ടിസ്റ്റ് നമ്പൂതിരി വരകളിലൂടെ നൽകിയ മുഖഛായകളിലൂടെയാണ്. രേഖാചിത്രകാരനായും പെയിന്ററായും ശിൽപിയായും കലാസംവിധായകനായും തലമുറകളുടെ മനസ്സിൽ ഇടം നേടിയ ബഹുമുഖപ്രതിഭ കൂടിയായിരുന്നു അദ്ദേഹം. പകരംവെക്കാനില്ലാത്ത നഷ്ടമാണ് കലാരംഗത്തിന് വിയോഗം മൂലം ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് കഴിഞ്ഞദിവസം അർധരാത്രിയോടെ കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നുആർട്ടിസ്റ്റ് നമ്പൂതിരിയുടെ അന്ത്യം. 97 വയസായിരുന്നു. രോഗബാധയെത്തുടർന്ന് ഈ മാസം ഒന്നിനായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ മുതൽ 12 മണി വരെ എടപ്പാൾ നടുവട്ടത്തെ വീട്ടിലും 3 മണി വരെ തൃശൂർ ലളിതകലാ അക്കാദമി ഹാളിലും ഭൗതിക ശരീരം പൊതു ദർശനത്തിന് വെയ്‌ക്കും. ശേഷം 5.30 ഓടെ എടപ്പാളിലെ വീട്ടു വളപ്പിലാണ് സംസ്കാരം.















