തിരുവനന്തപുരം: ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളീയ ചിത്രകലയ്‌ക്ക് പുതിയ മാനം നൽകിയ അതുല്യ പ്രതിഭയായിരുന്നു നമ്പൂതിരിയെന്ന് മന്ത്രി പ്രതികരിച്ചു. വരയും ഛായാചിത്രവും ശിൽപ്പകലയും കലാസംവിധാനവുമുൾപ്പെടെ കൈവച്ച മേഖലകളിലെല്ലാം പ്രശോഭിച്ച മഹാപ്രതിഭയ്ക്ക് മലയാളി മനസ്സിൽ മരണമില്ലെന്നും ഫേസ്ബുക്കിൽ വി.മുരളീധരൻ കുറിച്ചു. കുടുംബത്തിന്റെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് കഴിഞ്ഞദിവസം അർധരാത്രിയോടെ കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരിയുടെ അന്ത്യം. 97 വയസായിരുന്നു. രോഗബാധയെത്തുടർന്ന് ഈ മാസം ഒന്നിനായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ മുതൽ 12 മണി വരെ എടപ്പാൾ നടുവട്ടത്തെ വീട്ടിലും 3 മണി വരെ തൃശൂർ ലളിതകലാ അക്കാദമി ഹാളിലും ഭൗതിക ശരീരം പൊതു ദർശനത്തിന് വെയ്‌ക്കും. ശേഷം 5.30 ഓടെ എടപ്പാളിലെ വീട്ടു വളപ്പിലാണ് സംസ്കാരം.















