തിരുവനന്തപുരം: വരയുടെ പരമശിവൻ എന്നറിയപ്പെടുന്ന ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗം കേരളത്തിന് തീരാനഷ്ടമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മലയാള സാഹിത്യത്തിലെ വിഖ്യാതമായ പല കഥാപാത്രങ്ങളും വിരിഞ്ഞത് നമ്പൂതിരിയുടെ വിരൽത്തുമ്പിലായിരുന്നു. മഹാന്മാരായ എഴുത്തുകാർക്ക് അവരുടെ സാഹിത്യ സൃഷ്ടിയിൽ നമ്പൂതിരിയുടെ വര നിർബന്ധമായിരുന്നു. മോഹൻലാലിന്റെ ആവശ്യപ്രകാരം സൗന്ദര്യലഹരിയെ ആസ്പദമാക്കി അദ്ദേഹം രചിച്ച പെയിൻ്റിംഗ് ഏറെ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കലാ ആസ്വാദകരുടേയും ദുഖത്തിൽ പങ്കുചേരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരയുടെ തമ്പുരാന് നിരവധി പ്രമുഖരാണ് ആദരാഞ്ജലികളുമായി എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ആർട്ടിസ്റ്റ് നമ്പൂരിയ്‌ക്ക് അനുശോചനം അറിയിച്ചിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോട്ടയ്‌ക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ യായിരുന്നു അന്ത്യം. എടപ്പാള്‍ നടുവട്ടത്തുള്ള കരുവാട്ടു മനയില്‍ എത്തിച്ച ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ഭൗതിക ശരീരത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി നിരവധിയാളുകളാണ് എത്തിച്ചേരുന്നത്.
ഉച്ചയ്‌ക്ക് 12 മണി വരെ എടപ്പാള്‍ നടുവട്ടത്തുള്ള കരുവാട്ടു മനയില്‍ പൊതുദര്‍ശനത്തിന് വെയ്‌ക്കും. അതിനുശേഷം വൈകിട്ട് 3.30 വരെ തൃശൂര്‍ ലളിതകലാ അക്കാദമിയിലും പൊതുദര്‍ശനവും ഔപചാരിക ചടങ്ങുകളും ഉണ്ടാകും. വൈകിട്ട് 5ന് നടുവട്ടത്തുള്ള സ്വവസതിയായ കരുവാട്ടു മനയിലാണ് സംസ്‌കാരച്ചടങ്ങ്.















