ഇന്ത്യൻ ബാറ്റിംഗിലെ ഇതിഹാസം ‘ദാദ’ എന്ന് വിളിക്കുന്ന സൗരവ് ഗാംഗുലിയ്‌ക്ക് ഇന്ന് 51-ാം പിറന്നാൾ. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിലൊരാൾ, പിന്നീട് ബിസിസിഐയുടെ പ്രസിഡന്റ്. ഏറ്റവും മികച്ച ഇതിഹാസത്തിന് ഇന്ത്യൻ ക്രിക്കറ്റിന് മറ്റൊരു മുഖം നൽകിയ സൗരവ് ഗാംഗുലിയെ ആരാധകർ കൊൽക്കത്തയുടെ രാജകുമാരൻ എന്ന് വിളിച്ചു. പിന്നീടയാൾ അവരുടെ ദാദയായി. 1972 ജൂലൈ 8നാണ് സൗരവ് ഗാംഗുലി ജനിച്ചത്.
ഇന്ത്യൻ ക്രിക്കറ്റിന്റെ മനോഭാവം മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ഗാംഗുലി. ഇന്ത്യൻ ക്രിക്കറ്റ് ഒത്തുകളി വിവാദത്തിൽ നട്ടംതിരിഞ്ഞുനിൽക്കുമ്പോഴായിരുന്നു ദാദ ക്യാപ്റ്റന്റെ തൊപ്പിയണിയുന്നത്. യുവതാരങ്ങളെ ചേർത്തുപിടിച്ച് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖച്ഛായമാറ്റി. ഇന്ത്യൻ ടീമിലേക്കുളള വിളി ദാദയെ തേടിയെത്തുന്നത് 1992 ഓസ്‌ട്രേലിയൻ പര്യടനത്തിലേക്കാണ്. എന്നാൽ, ആ പരമ്പരയിൽ ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ ഗാംഗുലിക്കായില്ല. പിന്നീട് ടീമിലിടം പിടിക്കാൻ നാല് വർഷത്തെ കാത്തിരിപ്പ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 1996ൽ ഇന്ത്യൻ ജേഴ്‌സിയിൽ അരേങ്ങറ്റം നടത്തി. ഇന്ത്യയ്‌ക്ക് വേണ്ടി സെഞ്ച്വറി നേടിയാണ് തന്റെ അരങ്ങേറ്റ മത്സരത്തിൽ ദാദ തിളങ്ങിയത്. നിർഭയനായ ഈ മൂന്നാം നമ്പർ ബാറ്റർ 301 പന്തിൽ നിന്ന് 131 റൺസ് അടിച്ചുകൂട്ടി, ഇത് ടെസ്റ്റിൽ ടീമിനെ കളിയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിച്ചു.
സഹാറ കപ്പിലെ തുടർച്ചയായ 4 മാൻ ഓഫ് ദ മാച്ചുകൾ, ധാക്കയിലെ ഫൈനലിലെ 124 റൺസ്,99 ലോകകപ്പിലെ ടോൺടണിലെ 183 റൺസ്, 2003 ൽ ടീമിനെ വിജയിപ്പിക്കാൻ പറ്റാതെ നിരാശനായ മുഖം. എല്ലാറ്റിനുമുപരി ടീമിനെ മാത്രമല്ല, ഒരു രാജ്യത്തെ ആവേശക്കടലിലാഴ്‌ത്തിയ ബംഗാൾ കടുവയുടെ എല്ലാവരുടെയും ഓർമ്മയിൽ വികാരത്തോടെ സൂക്ഷിക്കുന്ന ആ ജഴ്‌സി ഊരി ചുഴറ്റൽ. ഗാംഗുലി എന്ന നായകനെ കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രം ലോർഡ്‌സിലെ ആ ആവേശമുഹൂർത്തമാണ്. അന്ന് ഗാംഗുലി മാത്രമായിരുന്നില്ല ജഴ്‌സി ഊരിയത്, കൊൽക്കത്തയുടെ തെരുവുകളിലും കന്യാകുമാരി മുതൽ കാശ്മീർ വരെയും അതിന്റെ അലയൊലികൾ പ്രതിധ്വനിച്ചു.
ടീം ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായാണ് ഗാംഗുലി ഇന്നും അറിയപ്പെടുന്നത്. 2000-2005 കാലത്ത് 49 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ചപ്പോൾ 21 ജയവും 15 സമനിലയും നേടി. 13 മത്സരങ്ങളിൽ മാത്രമായിരുന്നു ദാദയ്‌ക്ക് കീഴിൽ ടീം തോറ്റത്. ഏകദിനത്തിലാവട്ടെ 1999-2005 കാലയളവിലായി 146 മത്സരങ്ങളിൽ ഗാംഗുലി ക്യാപ്റ്റനായി. 76 ജയവും 65 തോൽവിയുമായിരുന്നു ഫലം. അഞ്ച് മത്സരങ്ങളിൽ ഫലമില്ലായിരുന്നു.
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്നു. ഐപിഎൽ കരിയറിൽ 59 മത്സരങ്ങളിൽ 1349 റൺസ് നേടി. ഉയർന്ന സ്‌കോർ 91. 2008ൽ വിരമിച്ചതിന് ശേഷം കമൻറേറ്ററായി ഒരുകൈ നോക്കിയ ഗാംഗുലി 2015ൽ ക്രിക്കറ്റ് ഭരണത്തിന്റെ ക്രീസിലെത്തി. നാലുവർഷം ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറായ ദാദ 2019ൽ ബിസിസിഐ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
സ്പോർട്സ് സ്റ്റാർ പേഴ്സൺ ഓഫ് ദ ഇയർ, അർജ്ജുന അവാർഡ്, സിയറ്റ് ഇന്ത്യൻ ക്യാപ്റ്റൻ ഓഫ് ദ ഇയർ, 2004ൽ പത്മശ്രീ, രാംമോഹൻ റോയ് അവാർഡ് തുടങ്ങിയ കായികരംഗത്തെ മഹത്തായ സംഭാവനകൾക്ക് നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 31 തവണ ഏകദിനത്തിലെ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട ദാദ ടെസ്റ്റ് ക്രിക്കറ്റിൽ ആറ് മാൻ ഓഫ് ദ മാച്ച് ബഹുമതികൾ നേടി. 2013 മെയ് 20 ന് പശ്ചിമ ബംഗാൾ സർക്കാർ സൗരവ് ഗാംഗുലിക്ക് ബംഗ ബിഭൂഷൺ അവാർഡ് നൽകി.
എടുത്തു കാട്ടാൻ അയാൾക്ക് ലോക കിരീടങ്ങൾ ഇല്ലായിരിക്കാം. തന്റെ കാലത്തെ മറ്റ് പ്രതിഭാസങ്ങൾ വിക്കറ്റിന്റെ ഇരുവശത്തേക്കും അനായാസം പന്തിനെ തഴുകിയും തലോടിയും ആഞ്ഞടിച്ചും ബാറ്റ് കൊണ്ട് കവിത രചിച്ചപ്പോൾ അയാൾ ഓഫ് സൈഡിലെ ദൈവം മാത്രമായാണ് അറിയപ്പെട്ടത്. പരിമിതികളുടെ കൂടാരമായിരുന്നു അയാൾ .എന്നിട്ടും കോടിക്കണക്കിന് വരുന്ന ഇന്ത്യൻ ജനതയിൽ ഒരു വിഭാഗം അയാളെ സച്ചിനും ധോണിക്കും കോലിക്കും മുകളിൽ പ്രതിഷ്ഠിക്കുന്നുവെങ്കിൽ അയാൾക്ക് പേര് ഒന്നു മാത്രം ‘സൗരവ് ചണ്ഡിദാസ് ഗാംഗുലി.’ തന്റെ കരിയറിന്റെ തുടക്കം മുതൽ അവസാനം വരെ ദാദ പുലർത്തിയ ഒരു മനോഭാവം ഉണ്ട്, ആരാടാ എന്ന് ചോദിച്ചാൽ എന്താടാ എന്ന് തിരിച്ചു ചോദിക്കും പോലെ ഒരു മനോഭാവം. കരിയറിന്റെ ത്രൂ ഔട്ട് അദ്ദേഹം അതിൽ നിന്ന് ഒരു തരി വ്യതിചലിച്ചില്ല എന്നതാണ് ആ മനുഷ്യനെ ഇത്രയധികം നെഞ്ചിലേറ്റാൻ കാരണം. സച്ചിനെ പോലെ ബാറ്റ് കൊണ്ട് മാത്രമല്ല വാക്ക് കൊണ്ട് കൂടി മറുപടി നൽകുന്ന തികച്ചും വ്യത്യസ്തമായ ഒരു പ്രതിഭാസം ആയിരുന്നു ദാദ…..
















Comments