വാഹനം വാങ്ങിയിട്ട് വിൽക്കുമ്പോൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. വാഹനം കൈമാറിയതിന് ശേഷവും രജിസ്‌ട്രേഷൻ പഴയ ഉടമയുടെ പേരിൽ തന്നെയാണെങ്കിൽ ഇത് പിന്നീട് പല പ്രശ്‌നങ്ങൾക്കും വഴിതെളിച്ചേക്കാം. പേര് മാറ്റാത്ത വാഹനം മൂലം പൊല്ലാപ്പ് പിടിച്ച ഉടമസ്ഥരും നിരവധിയാണ്.
ഒരു വാഹനം കൈമാറുമ്പോൾ എത്ര എഗ്രിമെന്റുകൾ എഴുതിയാലും പുതിയ ഉടമസ്ഥന്റെ പേരിലേക്ക് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനായി രജിസ്റ്ററിംഗ് അതോറിറ്റിയിൽ അപേക്ഷ സമർപ്പിക്കുകയും പേര് മാറ്റുകയും ചെയ്യണം. ഉടമസ്ഥന്റെ പേര് മാറ്റാത്തിടത്തോളം കാലം വാഹനവുമായി ബന്ധപ്പെട്ട് വരുന്ന ബാദ്ധ്യതകൾക്കും കേസുകൾക്കും ആരുടെ പേരിലാണോ വാഹനം അവർ തന്നെ ബാധ്യസ്ഥനാകുമെന്ന് സുപ്രീംകോടതി വിധി നിലവിലുണ്ട്. സ്വന്തം വാഹനം കൈമാറ്റം ചെയ്യുന്നതിന് മുൻപ് തന്നെ ഉടമസ്ഥത പുതിയ ആളിലേയ്‌ക്ക് മാറ്റണമെന്നത് സ്വന്തം ഉത്തരവാദിത്തമെന്ന നിലയിൽ ഓരോ ഉടമയും കണക്കാക്കേണ്ടതുണ്ട്.
വാഹനത്തിന്റെ പേര് മാറ്റാത്ത പക്ഷം അപകടത്തിൽ പെടുമ്പോഴും ട്രാഫിക് നിയമലംഘനങ്ങളിൽ ഉൾപ്പെടുമ്പോഴും ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ ഉപയോഗിച്ചാൽ പോലും വാഹന ഉടമ കോടതി കയറി ഇറങ്ങേണ്ടതായി വരും. ഇത് ഒഴിവാക്കുന്നതിനായി വാഹനം വാങ്ങുന്ന വ്യക്തിയുടെ വ്യക്തിഗത രേഖ വാങ്ങി പരിവാഹൻ സേവ എന്ന വെബ്‌സൈറ്റ് മുഖേന രജിസ്‌ട്രേഷൻ മാറ്റുവാൻ സാധിക്കും. ഇതിനായി നിലവിലുള്ള ഉടമസ്ഥന്റെയും വാങ്ങുന്ന വ്യക്തിയുടെയും മൊബൈൽഫോണിലേക്ക് വരുന്ന ഒടിപി നൽകി അപേക്ഷ സമർപ്പിക്കണം. ഇതിന് ശേഷം അപേക്ഷയുടെ പകർപ്പ് പ്രിന്റ് എടുത്ത് ഒപ്പിട്ട് ഒറിജിനൽ ആർസി ബുക്കും മറ്റ് രേഖകളും ഉൾപ്പെടെ അടുത്തുള്ള ഓഫീസിൽ സമർപ്പിക്കണം. പിന്നീട് പുതിയതായി വാങ്ങിയ ആളുടെ പേരിലേക്ക് സ്പീഡ് പോസ്റ്റിൽ പേര് മാറ്റിയതിന് ശേഷം ആർസി ബുക്ക് അയച്ചു നൽകും. അതേസമയം ആധാർ അധിഷ്ഠിത ഫേസ് ലെസ് സർവീസ് ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഒറിജിനൽ ആർസി ബുക്ക് ആർടിഒ ഓഫീസിൽ സമർപ്പിക്കാതെ തന്നെ അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനും ഒറിജിനൽ ആർസി ബുക്ക് പുതിയ ഉടമസ്ഥന് നൽകി കൈപ്പറ്റ് രസീത് വാങ്ങി സൂക്ഷിക്കുകയും ചെയ്യാൻ സാധിക്കും.
Comments