തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ലീഗ് സ്വീകരിക്കുന്ന നിലപാടിനെ സ്വാഗതം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ലീഗുമായി തൊട്ടുകൂടായ്മയില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. യുസിസിയുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചത് പ്രശ്‌നാധിഷ്ഠിത ക്ഷണമായാണ്. അത് രാഷ്‌ട്രീയാധിഷ്ഠിത ക്ഷണമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
അതേസമയം സിപിഎമ്മിന്റെ ക്ഷണത്തെ ചൊല്ലി ലീഗിൽ ഭിന്നത ഉടലെടുത്തിരിക്കുകയാണ്. സിപിഎമ്മിന്റെ യുസിസി സെമിനാറിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചുവെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുക്കുന്ന കാര്യം യുഡിഎഫിൽ ചർച്ച ചെയ്ത് സംസാരിക്കുമെന്നും പിഎംഎ സലാം വ്യക്തമാക്കി. യുസിസി വിഷയത്തിലുള്ള സിപിഎമ്മിന്റെ എതിർപ്പ് ആത്മാർത്ഥമാകണമെന്നും മറ്റ് അജണ്ടകൾ പാടില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.
എന്നാൽ സിപിഎമ്മിന്റെ നീക്കം ദുരുദ്ദേശത്തോടെയാണെന്നും സിപിഎമ്മിന്റെ നയം അപകടം പിടിച്ചതാണെന്നും ഇ.ടി മുഹമ്മ് ബഷീർ എംപി പറഞ്ഞു. വൃത്തിക്കെട്ട രാഷ്‌ട്രീയക്കളിയാണ് സിപിഎം പയറ്റുന്നതെന്നും ഈ കെണിയിൽ മുസ്ലീം ലീഗ് വീഴില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ വിമർശിച്ചു.
എന്നാൽ സെമിനാർ സമിതിയിൽ ഉൾപ്പെടുത്തിയത് അറിഞ്ഞിട്ടില്ലെന്നാണ് സമസ്തയുടെ പ്രതികരണം. വിഷയത്തിൽ സമസ്തയുടെ തീരുമാനം അനുസരിച്ച് പ്രവർത്തിക്കുമെന്ന് സുന്നി നേതാവ് മുസ്തഫ മുണ്ടുപാറ അറിയിച്ചു. സെമിനാറിലേക്ക് ക്ഷണിച്ചാലും കോൺഗ്രസ് പോകില്ലെന്നാണ് യുഡിഎഫ് കൺവീനർ ഹസ്സന്റെ നിലപാട്. ലീഗ് പങ്കെടുക്കുമെന്ന് കരുതുന്നില്ലെന്നും യുഡിഎഫ് കൺവീനർ പ്രതീക്ഷ പങ്കുവച്ചു.
Comments