കൊൽക്കത്ത: പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി അതിർത്തി രക്ഷാ സേന. പ്രശ്നബാധിത ബൂത്തുകളുടെ പട്ടിക ആവശ്യപ്പെട്ടിട്ടും വിവരങ്ങൾ കൈമാറാൻ കമ്മീഷൻ തയ്യാറായില്ലെന്ന് ബിഎസ്എഫ് കുറ്റപ്പെടുത്തി. കമ്മീഷന് തന്നെ അയച്ച കത്തിലായിരുന്നു ബിഎസ്എഫിന്റെ വിമർശനം.
പ്രശ്നബാധിത ബൂത്തുകളുടെ വിശദമായി വിവരങ്ങൾ ലഭിച്ചിരുന്നെങ്കിൽ കേന്ദ്ര സേനയുടെ വിന്യാസം സുഖമമായേനെയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. എങ്കിൽ ഇത്തരത്തിൽ അക്രമം നടക്കില്ലായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും പട്ടിക നൽകാൻ തയ്യാറായില്ലെന്നും ബിഎസ്എഫ് പറയുന്നു. ബംഗാളിൽ അക്രമം കത്തിപ്പടരുകയും പോലീസ് സംവിധാനം നിഷ്ക്രിയമാകുകയും ചെയ്ത സാഹചര്യത്തിലാണ് കമ്മീഷനെതിരെ വിമർശനവുമായി ബിഎസ്എഫ് രംഗത്തുവന്നിരിക്കുന്നത്.
സംസ്ഥാനത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ അക്രമ സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂനപക്ഷ സ്വാധീന മേഖലകളിൽ തൃണമൂൽ – കോൺഗ്രസ് ഏറ്റുമുട്ടൽ വ്യാപകമായി നടന്നു. ബിജെപി പ്രവർത്തകർക്ക് നേരെയും വ്യാപക അക്രമമാണ് തൃണമൂലിന്റെ നേതൃത്വത്തിൽ അരങ്ങേറിയത്. ആക്രമ സംഭവങ്ങൾ ചെറുക്കാൻ കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ഗവർണർ വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കോൺഗ്രസ് രംഗത്തുവന്നിരുന്നു. കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവും പിസിസി അദ്ധ്യക്ഷനുമായ അധിർ രഞ്ജൻ ചൗധരി ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ഗവർണർക്ക് കത്തയക്കുകയും ചെയ്തിരുന്നു. ബംഗാളിൽ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്നായിരുന്നു ചൗധരി ഇന്ന് മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രതികരണം.
ഗവർണർ സിവി ആനന്ദബോസ് പോളിംഗ് ബൂത്തുകൾ സന്ദർശിച്ചിരുന്നു. അക്രമങ്ങൾ രൂക്ഷമായതിനെ തുടർന്ന് ആളുകൾക്ക് വോട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ചുറ്റും നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ച് ജനങ്ങൾ ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. ബുള്ളറ്റിലൂടെയല്ല, ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അക്ര സംഭവങ്ങൾ വ്യാപകമായതോടെ ബംഗാളിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.
Comments