ഇലക്ട്രിക് വാഹനയുഗത്തിലാണ് നാം. കൊറോണ മഹാമാരിയ്‌ക്ക് ശേഷം ആരോഗ്യത്തിന്റെ കാര്യത്തിൽ എല്ലാവരും തന്നെ അതീവ ശ്രദ്ധാലുക്കളാണ്. അതുകൊണ്ട് തന്നെ സൈക്കിൾ വിപണിയും മുന്നേറുന്നുണ്ട്. സൈക്കിളും ഇലക്ട്രിക് വിപ്ലവത്തിലേക്ക് കടക്കുകയാണ്. കാർ വിപണിയിലെ രാജാവായ ടാറ്റയാണ് പുതുപുത്തൻ ഇലക്ട്രിക് സൈക്കിൾ അവതരിപ്പിച്ചിരിക്കുന്നത്.
ടാറ്റയുടെ ഉപസ്ഥാപനമായ ടാറ്റ ഇന്റർനാഷണൽ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ സ്ട്രൈഡർ ബ്രാൻഡാണ് പുതിയ ഇലക്ട്രിക് സൈക്കിൾ പുറത്തിറക്കിയിരിക്കുന്നത്. സ്‌ട്രൈഡർ സീറ്റ ശ്രേണിയിലേക്കാണ് പുതിയ ഇലക്ട്രിക് സൈക്കിൾ പുറത്തിറക്കിയിരിക്കുന്നത്. സീറ്റ പ്ലസ് എന്നാണ് ഇതിന്റെ പേര്. 26,995 രൂപ മാത്രമാണ് ഇതിന്റെ വില. ഇത് ആമുഖ വില മാത്രമായിരിക്കുമെന്നും പരിമിത കാലയളവിന് ശേഷം 6,000 രൂപ വരെ ഇലക്ട്രിക് സൈക്കിളിന് വർദ്ധിപ്പിക്കുമെന്നും ടാറ്റാ ഇന്റർനാഷണൽ വ്യക്തമാക്കിയിട്ടുണ്ട്. സ്‌ട്രൈഡറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ചാൽ ഈ പുതിയ മോഡൽ സ്വന്തമാക്കാവുന്നതാണ്. ഓൺലൈൻ വഴി മാത്രമാണ് സ്‌ട്രൈഡർ പ്ലസിന്റെ വിൽപന.
36 വോൾട്ട്/ 6Ah ബാറ്ററി പായ്‌ക്കാണ് ഇലക്ട്രിക് സൈ്ക്കിളിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതുവഴി ഉയർന്ന ശേഷി നൽകാൻ ഇതിനാകും. ഇത് മൊത്തം 216 Wh ഊർജ്ജശേഷി നൽകുമെന്നാണ് കമ്പനി പറയുന്നത്. മണിക്കൂറിൽ പരമാവധി 25 കിലോമീറ്റർ വേഗതയിലും ഇലക്ട്രിക് സൈക്കിളിന് സഞ്ചരിക്കാൻ കഴിയും. പെഡൽ അസിസ്റ്റിന്റെ സഹായത്തോടെ സീറോ-എമിഷൻ സൈക്കിളിന്റെ വേഗത 30 കിലോമീറ്റർ വരെ ഉയർത്താകും. ബാറ്ററി പായ്‌ക്ക് ഫുൾ ചാർജാകാൻ മൂന്നോ നാലോ മണിക്കൂർ മാത്രമാണ് ആവശ്യം. സ്റ്റീൽ ഹാൻഡ്‌ടെയിൽ ഫ്രെയിമിലാണ് സ്‌ട്രൈഡർ സീറ്റ പ്ലസ് നിർമ്മിച്ചിരിക്കുന്നത്. ഓട്ടോ-കട്ട് ബ്രേക്കുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി രണ്ട് വശത്തും ഡിസ്‌ക് ബ്രേക്കുകളാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് ഇതര യാത്ര മാർഗങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ബിസിനസ് ഹെഡ് രാഹുൽ ഗുപ്ത പറഞ്ഞു. ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ യാത്രയാകും സ്‌ട്രൈഡർ പ്ലസ് നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















