കാനഡ ഓപ്പൺ: ഫൈനലിൽ പ്രവേശിച്ച് ലക്ഷ്യ സെൻ, സിന്ധുവിനെ വീണ്ടും തോൽപ്പിച്ച് അകാനെ യമഗുച്ചി

Published by
Janam Web Desk

കാൽഗറി: കാൽഗറിയിൽ നടന്ന BWF സൂപ്പർ 500 ഇനമായ കാനഡ ഓപ്പൺ സൂപ്പർ സീരീസിൽ ഇന്ത്യയ്‌ക്ക് പ്രതീക്ഷയും നിരാശയും. ഇന്ത്യയുടെ യുവതാരം ലക്ഷ്യ സെൻ കാനഡ ഓപ്പൺ സൂപ്പർ സീരീസിന്റെ ഫൈനലിൽ കടന്നു. താരം ജപ്പാന്റെ കെന്റാ നിഷിമോട്ടോയെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചതിനാൽ ലക്ഷ്യ സെൻ ഒരു വർഷത്തിന് ശേഷം തന്റെ ആദ്യ BWF വേൾഡ് ടൂർ ഫൈനലിലെത്തി. 2022 ഓഗസ്റ്റിൽ ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലാണ് ലക്ഷ്യ അവസാനമായി ഫൈനൽ പോരാട്ടത്തിനിറങ്ങിയത്. ഫൈനലിൽ, ലക്ഷ്യ ഇന്ന് രാത്രി നടക്കുന്ന കൊടൈ നരോക്കയും ലി ഷി ഫെംഗും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയെ നേരിടും. സ്‌കോർ 21-17, 21-14.

അതേസമയം ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡൽ ജേതാവ് പിവി സിന്ധു ജപ്പാന്റെ അകാനെ യമഗുച്ചിയോട് സെമിഫൈനലിൽ തോൽവി ഏറ്റുവാങ്ങി. നേരിട്ടുളള രണ്ട് സെറ്റുകൾക്കാണ് ജപ്പാൻ താരം സിന്ധുവിനെ തോൽപ്പിച്ചത്. നിലവിലെ ലോക ചാമ്പ്യനോടുള്ള സിന്ധുവിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. സിംഗപ്പൂർ ഓപ്പണിന്റെ ഉദ്ഘാടന റൗണ്ടിൽ യമാഗുച്ചിയോട് സിന്ധു പരാജയപ്പെട്ടിരുന്നു. 2022 ഓഗസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലാണ് സിന്ധു അവസാനമായി കിരീടം നേടിയത്. സ്‌കോർ 21- 14, 21-15.

 

Share
Leave a Comment