തിരുവനന്തപുരം: സിപിഎമ്മിന്റെ ഏകീകൃത സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കിയിട്ടും ലീഗിനെ കൈവിടാതെ സിപിഎം നേതാക്കളുടെ പ്രതികരണം. പാണക്കാട് നടന്ന യോഗത്തിന് ശേഷം സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടും മുസ്ലീം ലീഗിനെ കൈവിടാൻ സിപിഎം തയ്യാറായില്ല. സിപിഎം നേതാക്കളുടെ പ്രതികരണങ്ങൾ ലീഗിനെ തള്ളാതെയായിരുന്നു. സെമിനാറിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയെങ്കിലും മുസ്ലീം ലീഗും സിപിഎമ്മിനെ തള്ളിയില്ല.
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തന്നെ മുന്നണിപോരാളിയായി മുസ്ലീം ലീഗിനെ സെമിനാറിലേക്ക് വീണ്ടും ക്ഷണിച്ചു. ലീഗ് യുഡിഎഫിന്റെ ഭാഗമായ രാഷ്‌ട്രീയ പാർട്ടിയാണെന്നും വർഗീയ കക്ഷികളൊഴിച്ചുള്ളവരുടെ കൂട്ടായ്മയാണ് ലക്ഷ്യമെന്നും പറഞ്ഞു. വിശാല ഐക്യപ്രസ്ഥാനം രൂപപ്പെടണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ലീഗിന് അവരുടെ ന്യായമുണ്ടാകും. ഇമ്മാതിരിയുള്ള ശ്രമത്തിന് ആര് മുൻ കൈ എടുത്താലും ഞങ്ങൾ സഹകരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസ് സമീപനം കേരളം മാർക്‌സിസ്റ്റ് വിമുക്തമെന്ന മുദ്രാവാക്യമാണെന്ന് എ.കെ ബാലൻ പറഞ്ഞു. കോൺഗ്രസിന് നയം ഇല്ല. നയം ഇല്ലാത്ത പാർട്ടിയുടെ കൂടെ നിന്നാൽ ആ പാർട്ടിയുടെ നിലനിൽപ്പ് ഇല്ലാതെയാകും. സമസ്ത എന്നാൽ മുസ്ലിം വിഭാഗത്തിലെ ബുദ്ധിജീവി ഉൾപതിഷ്ണു വിഭാഗമാണ്. അവർ ഗുണപരമായ നിലപാട് എടുത്തുവെന്നും എകെ ബാലൻ പറഞ്ഞു.
സിഎഎ സമരത്തിൽ ചെന്നിത്തല പങ്കെടുത്തു. തൊട്ടടുത്ത ദിവസം മാറി. വ്യക്തി നിയമങ്ങളിൽ ഭേദഗതി ആവശ്യമാണ്. കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. ആണും പെണ്ണും കെട്ട നിലപാട് എടുക്കരുത്. ലീഗിനെ ഒപ്പം കൂട്ടാൻ ഞങ്ങളും, ഞങ്ങൾക്ക് ഒപ്പം വരാൻ ലീഗും തീരുമാനിച്ചിട്ടില്ല. അതുവരെ അതിന്റെ പേരിൽ വിവാദം ഉണ്ടാക്കേണ്ടെന്നും ബാലൻ പറഞ്ഞു സെമിനാറിൽ പങ്കെടുക്കുന്നതിനെ മുന്നണി മാറ്റമായി കാണേണ്ടതില്ലെന്നും ലീഗിന് ഇങ്ങനെ അധികകാലം മുന്നോട്ട് പോകാനാവില്ലെന്നും ബാലൻ പറഞ്ഞു.
സെമിനാറിൽ നിന്ന് ലീഗ് വിട്ടുനിൽക്കുന്നത് യുഡിഎഫിന്റെ ഭാഗമായതിലെ രാഷ്‌ട്രീയപ്രയാസം മൂലമെന്നും ലീഗ് അണികൾക്ക് സെമിനാറിനോട് അനുകൂല സമീപനമാണെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ വ്യക്തമാക്കി. ലീഗിന്റെ പ്രയാസം മനസിലാക്കുന്നുവെന്നും മോഹനൻ പറഞ്ഞു.
















Comments