ധാക്ക: മലയാളി താരം മിന്നുമണി അരങ്ങേറിയ ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം. 115 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 22 പന്തുകള്‍ ശേഷിക്കേ വിജയം കൈപിടിയിലൊതുക്കുകയായിരുന്നു. ആദ്യ നാലോവറിനിടെ രണ്ടുവിക്കറ്റ് നഷ്ടമായി തകർച്ച നേരിട്ടെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറും വൈസ് ക്യാപ്റ്റൻ സ്മൃതി മത്ഥാനയും ചേർന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു.
ആദ്യ ഓവറിൽ തന്നെ ഷെഫാലി വർമ്മയുടെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്. ഡക്കായ ഷെഫാലിക്ക് പിന്നാലെയെത്തിയ ജമീമയ്‌ക്കും അധിക നേരം പിടിച്ചു നിൽക്കാനായില്ല. 11 റൺസെടുത്ത താരത്തെയും 38 റൺെസെടുത്ത സ്മൃതിയെയും സുൽത്താന ഖാത്തൂന്‍ പുറത്താക്കുകയായിരുന്നു.തുടർന്നെത്തിയ യഷിക ബാട്ടിയ 11 റൺസുമായി ക്യാപ്റ്റന് പൂർണ പിന്തുണ നൽകി. 50 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ ഇന്ത്യയുടെ വിജയത്തില്‍ നെടുംതൂണയായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റിന് 114 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. മിന്നു മണി മൂന്ന് ഓവറിൽ 21 റൺസിന് ഒരു വിക്കറ്റ് പേരിലാക്കി. ബംഗ്ലാദേശിന്റെ നിർണായകമായ ഓപ്പണിംഗ് സഖ്യമാണ് മിന്നു പൊളിച്ചത്. പൂജ വസ്ത്രകറും ഷെഫാലി വർമയും ഓരോ വിക്കറ്റ് സ്വന്തമാക്കി. രണ്ട് ബംഗ്ലാ താരങ്ങൾ റണ്ണൗട്ടായി.
ഓപ്പണിംഗ് വിക്കറ്റിൽ ഷാത്തി റാനിയും ഷമീമ സുൽത്താനയും 27 റൺസ് ചേർത്തെങ്കിലും തന്റെ അരങ്ങേറ്റ ഓവറിലെ നാലാം പന്തിൽ ഈ കൂട്ടുകെട്ട് പൊളിച്ച് മലയാളി ക്രിക്കറ്റർ മിന്നു മണി രാജ്യാന്തര ക്രിക്കറ്റിലേക്ക് മിന്നും വരവറിയിക്കുകയായിരുന്നു. ബംഗ്ലാ ഇന്നിംഗ്സിലെ നാലാം ഓവറിലെ നാലാം പന്തിൽ മിന്നുവിനെ സ്ലോഗ്സ്വീപ് കളിക്കാൻ ശ്രമിച്ച സുൽത്താന ഡീപ് സ്‌ക്വയർ ലെഗിൽ ജെമീമ റോഡ്രിഗസിന്റെ സ്ലൈഡിംഗ് ക്യാച്ചിൽ പുറത്താവുകയായിരുന്നു. ഇതിന് ശേഷം റാനിയും ശോഭന മോസ്തരിയും കൂട്ടുകെട്ടിന് ശ്രമിച്ചു. എന്നാൽ ഷാത്തി റാനിയെ ഒൻപതാം ഓവറിലെ മൂന്നാം പന്തിൽ പൂജ വസ്ത്രകർ ബൗൾഡാക്കി. 26 പന്തിൽ 22 റൺസാണ് ഷാത്തി നേടിയത്.
Comments