ഇടുക്കി: ഹൈറേഞ്ചിലെ എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് തട്ടിപ്പുകൾ പെരുകുന്നു. പ്രായമായവരിൽ എടിഎമ്മുമായി ബന്ധപ്പെട്ട് കാര്യമായ ധാരണയില്ലാത്തവരെയാണ് പ്രധാനമായും തട്ടിപ്പ് സംഘം വലയിലാക്കുന്നത്. എംഡിഎം കാർഡുകളും പിൻനമ്പരുകളും ഇവരിൽ നിന്നും തട്ടിയെടുക്കുന്ന സംഘം പണവുമായി മുങ്ങുകയാണ് പതിവ്. രണ്ടും മൂന്നും എടിഎം മെഷീനുകൾ സ്ഥാപിച്ചിട്ടുള്ള കൗണ്ടറുകളിലാണ് തട്ടിപ്പ് അധികവും നടന്നു വരുന്നത്. സംഭവത്തിന് പിന്നാലെ അപരിചിതരുടെ പക്കൽ പിൻനമ്പരും കാർഡും ഏൽപ്പിക്കരുതെന്ന് പോലീസ് നിർദ്ദേശം നൽകി.
തട്ടിപ്പുകളിൽ പലതും അതിവിദഗ്ധമായാണ് നടക്കുന്നതെന്ന് പോലീസ് പറയുന്നു. കയ്യിൽ അഞ്ഞൂറിന്റെ കുറെയധികം നോട്ടുകളുമായി എടിഎം കൗണ്ടറിലേക്ക് കയറുന്ന തട്ടിപ്പുകാരൻ വേസ്റ്റ് ബക്കറ്റിൽ കിടക്കുന്ന രസീതുകൾ എടുത്ത് ചെറുതായി മടക്കി എംടിഎം കാർഡ് എടുത്ത സ്ഥലത്ത് തിരുകി വെയ്ക്കും. ഇതിന് ശേഷം മാറി നിന്ന് കയ്യിലിരിക്കുന്ന പണം എണ്ണും. ഈ സമയം പണം പിൻവലിക്കുന്നതിനെത്തുന്നവർ കാർഡ് ഇട്ടാലും പേപ്പർ ഇരിക്കുന്നതിനാൽ ഇടപാട് നടത്താൻ സാധിക്കില്ല. ഇവർ സമീപത്ത് നിൽക്കുന്ന ആളുടെ സഹായം തേടും. ഇവരിൽ നിന്ന് കാർഡും പിൻനമ്പറും കൈക്കലാക്കുന്ന ഇയാൾ എടിഎം വർക്ക് ആകുന്നില്ലെന്ന് ധരിപ്പിച്ച് കാർഡ് തിരികെ നൽകും. എന്നാൽ ഇവർക്ക് തിരികെ നൽകുന്ന കാർഡ് ഉടമയുടേതല്ലെന്ന് മാത്രം.
തട്ടിപ്പുകാരുടെ കയ്യിൽ കരുതിയിരിക്കുന്ന ഒട്ടേറെ കാർഡുകളിൽ ഒന്നാകും ഇയാൾ ഉടമയ്ക്ക് തിരികെ നൽകുക. കാർഡ് മാറിയാണ് നൽകിയിരിക്കുന്നതെന്ന വിവരം പെട്ടെന്ന് ഉടമ തിരിച്ചറിയുകയുമില്ല. എന്നാൽ ഇതിന് വിപരീതമായി മറ്റൊരു രീതിയിലും തട്ടിപ്പ് നടക്കുന്നുണ്ട്. ചിലർക്ക് പണം എടുത്ത് നൽകിയ ശേഷം കാർഡ് കൈക്കലാക്കി മറ്റ് എടിഎമ്മിലെത്തി പണം കവരുന്നതാണ് രീതി. ഇക്കൂട്ടർ മാസ്ക് ധരിച്ചിരിക്കുന്നതിനാൽ തിരിച്ചറിയുക പ്രയാസമാണ്.കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ഹൈറേഞ്ച് മേഖലയിൽ അരങ്ങേറിയത് ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകളാണ്.
Comments