വാഹനപ്രേമികളുടെ പ്രിയപ്പെട്ട വാഹനങ്ങളിലൊന്നാണ് മാരുതി സ്വിഫ്റ്റ്. ഇന്ധനക്ഷമതയുള്ള വാഹനങ്ങൾ തേടി പോകുന്നവരുടെ ഇഷ്ട വാഹനങ്ങളിലൊന്നു കൂടിയാണിത്. ഡീസൽ എൻജിനുകളുടെ പിൻമാറ്റം ഇന്ത്യൻ വിപണിയിൽ മൈലേജ് വാഹനങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാക്കിയത് വാഹന പ്രേമികളെ സംബന്ധിച്ച് വലിയ ദുഃഖമായിരുന്നു. എന്നാൽ ഇപ്പോഴിതാ, ആ ദുഃഖത്തിന് അറുതി വരുത്താനൊരുങ്ങുകയാണ് മാരുതി. റിപ്പോർട്ടുകൾ പ്രകാരം, 40 കിലോമീറ്റർ ഇന്ധനക്ഷമതയുമായി ഇന്ത്യൻ നിരത്തിലിറങ്ങാൻ തയ്യാറെടുക്കുകയാണ് മാരുതി സ്വിഫ്റ്റ്.
ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും കമ്പനി നടത്തിയിട്ടില്ലെങ്കിലും പുതിയ സ്വിഫ്റ്റിനായുള്ള കാത്തിരിപ്പിലാണ് വാഹനലോകം. സ്വിഫ്റ്റ്, ഡിസയർ മോഡലുകൾക്ക് ഹൈബ്രിഡ് എൻജിൻ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇങ്ങനെയെങ്കിൽ ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള കാറായി സ്വിഫ്റ്റ് മാറും. 1.2 ലിറ്ററുള്ള മൂന്നു സിലിണ്ടർ എൻജിനിലായിരിക്കും ഇലക്ട്രിക് മോട്ടർ ഘടിപ്പിക്കുക. ചെറു ഇലക്ട്രിക് വാഹനങ്ങൾ വിപണി കീഴടക്കുമ്പോഴും ചെറു ഹൈബ്രിഡ് കാറുകൾക്ക് ആവശ്യക്കാർ ഏറെ ഉണ്ടായിരിക്കും എന്നാണ് മാരുതിയുടെ കണക്കു കൂട്ടൽ.
മാരുതി ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പാണ് 2024-ൽ മാരുതി പുറത്തിറക്കാൻ ഒരുങ്ങുന്നത്. ലിറ്ററിന് ഏകദേശം 40 കിലോമീറ്ററിൽ വരെ ഇന്ധനക്ഷമത ലഭിക്കും. ലിറ്ററിന് 27.97 കിലോമീറ്റർ ലഭിക്കുന്ന ഗ്രാൻഡ് വിറ്റാര വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ കരുത്തോടെ സ്വിഫ്റ്റിനെ മാരുതി പുറത്തിറക്കാൻ ഒരുങ്ങുന്നത്. നിലവിലുള്ള സ്വിഫ്റ്റിനേക്കാൾ ഏകദേശം 1.5 ലക്ഷം രൂപ വരെ അധികം പുതിയ സ്വിഫ്റ്റിന് പ്രതീക്ഷിക്കാം എന്നാണ് റിപ്പോർട്ടുകൾ.
Comments