രാജ്യത്ത് മാത്രമല്ല, രാജ്യത്തിന് പുറത്തും വൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് എസ്എസ് രാജമൗലിയുടെ സംവിധാനത്തിൽ പിറന്ന ആർആർആർ. ഗോൾഡൻ ഗ്ലോബ്‌സും ഓസ്‌കാറും ഇന്ത്യൻ മണ്ണിലേക്ക് എത്തിച്ചത് ആർആർആർ എന്ന സിനിമയും അണിയറ പ്രവർത്തകരുമാണ്. രാം ചരണും ജൂനിയർ എൻടിആറും തകർത്തഭിനയിച്ച സിനിമ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്. ഇതിനിടയിൽ നിർണായക വെളിപ്പെടുത്തലുമായെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ്. ആർആർആർ സ്വീക്വലിലിൽ തെലുങ്ക് സൂപ്പർ താരങ്ങളായ രാം ചരണും ജൂനിയർ എൻഡിആറും തിരികെയെത്തുമെങ്കിലും സംവിധായക വേഷത്തിൽ എസ്എസ് രാജമൗലി എത്തുമോയെന്ന നിർണായക ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ്.
രാജമൗലിയോ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ മറ്റാരെങ്കിലുമോ ആയിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്നാണ് തിരക്കഥാകൃത്ത് വ്യക്തമാക്കിയിരിക്കുന്നത്. ഹോളിവുഡ് നിലവാരത്തിലേക്കാകും ആർആർആർ-2 ഒരുങ്ങുക. രണ്ടാം ഭാഗത്തിന്റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണെന്ന് രൗജമൗലി ഗോൾഡൻ ഗ്ലോബ് റെഡ് കാർപെറ്റിൽ പറഞ്ഞിരുന്നു. ഒന്നാം ഭാഗത്തിന്റെ അതേ കഥ പ്രമേയമാകില്ല രണ്ടാം ഭാഗമെന്നാണ് വിലയിരുത്തൽ. സ്വാതന്ത്ര്യത്തിന് മുൻപുള്ള തെലുങ്ക് സംസ്ഥാനങ്ങളുടെ ചരിത്രത്തിന്റെ മറ്റൊരേടാകും രണ്ടാം ഭാഗത്തിൽ അവതരിപ്പിക്കുകയെന്നാണ് വിവരം.
തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിർമ്മിച്ച ചിത്രമാണ് ആർആർആർ. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും ചിത്രത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യയുടെ യശസ് വാനോളമുയർത്താൻ കഴിഞ്ഞ ഗാനമാണ് എംഎം കീരവാണി എന്ന മാന്ത്രികന്റെ കരങ്ങളിൽ ജനിച്ച ‘നാട്ടു നാട്ടു’എന്ന ഗാനം. ഈ ഗാനം ആഗോള രോഷമായി മാറുകയായിരുന്നു. ഡാൻസ് നമ്പറിന് മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ ഇന്ത്യയ്‌ക്ക് ആദ്യത്തെ ഗോൾഡൻ ഗ്ലോബും അക്കാദമി അവാർഡും ചിത്രം സ്വന്തമാക്കി.
Comments