ഇന്ത്യ വേദിയാകുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നിന്ന് അങ്ങനെയൊന്നും പാകിസ്താന് പിന്മാറാനാവില്ല. അഥവ പിന്മാറിയാൽ കാത്തിരിക്കുന്നത് തിരിച്ചടികളുടെ പെരുന്നാളാണ്. കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്താൻ കായിക മന്ത്രിയും പ്രധാന മന്ത്രിയുമടക്കം ഇന്ത്യയിലേക്ക് ടീമിനെ അയയ്ക്കുന്ന കാര്യത്തിൽ ഉരുണ്ടുകളിക്കുകയായിരുന്നു. ഇന്ത്യ ഏഷ്യാകപ്പിന് പാകിസ്താനിലേക്ക് വരാത്ത പക്ഷം തങ്ങളുടെ ടീമിനെ ലോകകപ്പിന് ഇന്ത്യയിലേക്ക് അയയ്ക്കില്ലെന്നും പ്രതികരിച്ചിരുന്നു. പങ്കാളിത്തം സംബന്ധിച്ച് പഠിക്കാൻ ഉന്നതതല സമിതിയെയും പാകിസ്താൻ സർക്കാർ നിയമിച്ചിരുന്നു. ഇതിന് പിന്നാലെ മുൻ പാകിസ്താൻ താരങ്ങളും സെലക്ടറുമാരും തീരുമാനത്തിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.
ഫിക്ചർ അനുസരിച്ച് പാകിസ്താന്റെ അഞ്ചു ഗ്രൂപ്പ് മത്സരങ്ങൾ അഹമ്മദാബാദ്, ബെംഗളുരു, ചെന്നൈ,ഹൈദ്രബാദ്,കൊൽക്കത്ത എന്നിവിടങ്ങളിലാണ്. ഓക്ടോബർ 15നാണ് ഇന്ത്യ-പാകിസ്താൻ വിഖ്യാത പോരാട്ടം. അതേസമയം ലോകകപ്പിൽ നിന്ന് പിൻമാറാൻ പാകിസ്താൻ തീരുമാനമെടുത്താൽ രാജ്യാന്തര ക്രിക്കറ്റിൽ പാകിസ്താന് വിലക്ക് നേരിടേണ്ടിവരും.പിസിബിക്ക് ഐസിസി നൽകിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സഹായവും നിലയ്ക്കും. പാക് താരങ്ങൾക്ക് മറ്റു ട്വന്റി20 ലീഗുകളിൽ മത്സരിക്കുന്നതിനും അജീവനാന്ത വിലക്കു വന്നേക്കും.
ഇതോടെ പാക് ക്രിക്കറ്റ് ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ്കുത്തും. പാകിസ്താനില്ലെങ്കിൽ ലോകകപ്പ് ക്വാളിഫയർ റൗണ്ടിൽ മൂന്നാമതെത്തിയ സ്കോട്ലൻഡിന് ലോകകപ്പ് യോഗ്യത ലഭിക്കും.2027 വരെ ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം ഏതാണ്ട് 300 കോടി ഡോളറിന് (ഏകദേശം 25,000 കോടി രൂപ) സ്റ്റാർ നെറ്റ്വർക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ലോകകപ്പിൽ നിന്ന് പാക്കിസ്താൻ പിൻമാറുന്നതോടെ ഇന്ത്യ പാക് മത്സരം ഉൾപ്പെടെ ഇല്ലാതാകും. അതോടെ സംപ്രേഷണാവകാശത്തിനായി നൽകുന്ന തുകയിൽ മാറ്റം വരാൻ സാദ്ധ്യതയുണ്ട്.
















Comments