തിരുവനന്തപുരം: മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത ജനറൽ വികാർ യൂജിൻ പെരേര. സംഘർഷ സ്ഥലത്ത് സ്ഥിതി നിയന്ത്രിക്കാൻ എത്തിയ തന്നോട് ഷോ കാണിക്കരുതെന്നാണ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞത്. സ്ത്രീകൾ അടക്കമുള്ളവരോടും മന്ത്രി ഇത് തന്നെയാണ് പറഞ്ഞതെന്നും ഇതോടെയാണ് സ്ഥിതി വഷളായതെന്നും അദ്ദേഹം പറഞ്ഞു.
താൻ അവിടെ ചെന്നപ്പോൾ സ്ത്രീകളോടും കുട്ടികളോടും മന്ത്രിമാർ ദേഷ്യത്തോടെ പെരുമാറുകയായിരുന്നു. അവരുടെ വേദന ഉൾക്കൊള്ളാനോ ആശ്വസിപ്പിക്കാനോ മന്ത്രിമാർ തയ്യാറായില്ല. കാണ്ടെത്താൻ സാധിക്കാത്ത മത്സ്യ തൊഴിലാളികൾക്കായുള്ള തിരിച്ചിലിനെ കുറിച്ചും പറഞ്ഞില്ല. ആകെ പറഞ്ഞത് ഷോ കാണിക്കരുത് എന്നാണ്. അപ്പോഴാണ് സ്ഥിതി കൂടുതൽ രൂക്ഷമായത്. മന്ത്രിമാർ ആരോപിക്കുന്നത് പോലെ താൻ പ്രകോപിതനായിരുന്നു എങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമായിരുന്നു. എന്നാൽ താൻ ഒരു വാക്കുപോലും സംസാരിച്ചില്ല. എന്നാൽ മന്ത്രിമാർ പ്രശ്‌നം നടന്നതായി വരുത്തി തീർത്ത് സ്വന്തം കുറ്റം മറ്റുള്ളവരുടെ തലയിൽ ആക്കുവാൻ ശ്രമിക്കുകയായിരുന്നു. ശരിക്കും ഷോ കണിച്ചത് മന്ത്രിമാരാണ്. സന്ദർഭം വഷളായപ്പോഴാണ് താനും ആർച്ച് ബിഷപ്പും ഇടപെട്ടതെന്നും യൂജിൻ പെരേര പറഞ്ഞു.
മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ ലത്തീൻ വൈദികൻ യൂജിൻ പെരേരയ്‌ക്കെതിരെ കലാപഹ്വാനത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അഞ്ചുതെങ്ങ് പോലീസാണ് യുജിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ യൂജിൻ പെരേരയെ മാത്രമാണ് പ്രതി ചേർത്തിരിക്കുന്നത്.
വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെ സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരെ ജനക്കൂട്ടം തടഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ മന്ത്രി വി. ശിവൻകുട്ടി യൂജിൻ പെരേര കലാപാഹ്വാനം നടത്തിയതെന്ന ആരോപണവുമായി രംഗത്തുവന്നിരുന്നു. വൈദികൻ എത്തിയതിന് ശേഷമാണ് ജനങ്ങൾ പ്രകോപിതരായതെന്നും യൂജിനാണ് മന്ത്രിമാരുടെ വാഹനം തടയാൻ നിർദ്ദേശം നൽകിയതെന്നും ശിവൻകുട്ടി ആരോപിച്ചു. പിന്നാലെയാണ് അഞ്ചുതെങ്ങ് പോലീസ് ഐ.പി.സി 153 വകുപ്പ് പ്രകാരം സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.
Comments