ഇന്ന് ലോക ജനസംഖ്യാ ദിനമാണ്. 1989-ൽ യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഗവേണിംഗ് കൗൺസിൽ ലോക ജനസംഖ്യാ ദിനം ആചരിക്കാൻ തീരുമാനിച്ചു. 1987 ജൂലായ് 11-ന് ലോകജനസംഖ്യ അഞ്ച് ബില്യൺ ആയി വളർന്നു എന്ന കണക്കിൽ നിന്നാണ് ഈ തീയതി സ്വീകരിച്ചത് . അങ്ങിനെ ആദ്യത്തെ ലോക ജനസംഖ്യാ ദിനം 1989 ജൂലൈ 11-ന് ആചരിച്ചു, ഇന്ന് 2023-ൽ ലോകം അതിന്റെ 34-ാം ജനസംഖ്യാ ദിനമായി ആചരിക്കും.
ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ന് ഇന്ത്യയുടെ സ്ഥാനം. ചൈനയെ കടത്തിവെട്ടി കൊണ്ട് ഇന്ത്യ ഈ നേട്ടം കൈവരിക്കുമ്പോള്‍ രാജ്യം ഇവിടെ അതിജീവിച്ചത് മാല്‍ത്തൂസിയന്റെ ജനസംഖ്യാ സിദ്ധാന്തത്തെയാണ്. ജനസംഖ്യ വര്‍ധനവ് രാജ്യത്തിന് ദാരിദ്രത്തിലേക്കുള്ള വാതില്‍ തുറന്ന് കൊടുക്കുമെന്നാണ് ബ്രിടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ മാൽത്തൂസ് വാദിച്ചത്. അത് കൊണ്ട് തന്നെ ജനസംഖ്യാ വര്‍ധനവ് തടയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇന്ത്യയെപ്പറ്റി വെറും വായാനാറിവ് മാത്രമുള്ള മാല്‍ത്തുസിന്റെ ഈ അഭിപ്രായത്തെ പൊളിച്ചടുക്കുകയാണ് ഇപ്പോള്‍ ഭാരതം ചൈയ്യത്.
പ്രശസ്ത ഇംഗ്ലണ്ട് സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് റോബര്‍ട്ട് മാല്‍ത്തൂസ് 1798 ല്‍ ‘ജനസംഖ്യയെ കുറിച്ചുള്ള ഒരു പ്രബന്ധം’ (An Essay on the Principle of Population,)എന്ന കൃതിയിലാണ് ഈ സിദ്ധാന്തം അവതരിപ്പിച്ചിത്. അശുഭകരമായിട്ടാണ് ഈ സിദ്ധാന്തത്തെ കണക്കാക്കിയിരുന്നത്. ‘ ജനസംഖ്യാ വര്‍ധനവിന് ആനുപാതികമായി ഭക്ഷ്യോല്‍പാദനം ഉണ്ടാകില്ലെന്നും അതിനാല്‍ മനുഷ്യവര്‍ഗം എന്നേക്കുമായി ദാരിദ്രത്തില്‍ കഴിയേണ്ടിവരു’മെന്നും ഈ സിദ്ധാന്തത്തിന്റെ പ്രധാന ആശയമായി അദ്ദേഹം പ്രസ്താവിച്ചു. ജനസംഖ്യാ വര്‍ധനവ് ജ്യാമിതീയ ശ്രേണിയിലും ഭക്ഷ്യോല്‍പാദന വര്‍ധനവ് സമാന്തര ശ്രേണിയിലുമാണ്. അത് കൊണ്ടുതന്നെ ജനസംഖ്യ നിയന്ത്രിക്കുകയാണ് പുരോഗതി കൊണ്ട് വരാനുള്ള എക വഴിയെന്ന് അദ്ദേഹം പറഞ്ഞു. അതിനായി രണ്ട് മാര്‍ഗ്ഗങ്ങളും മാല്‍ത്തൂസിയന്‍ അവതരിപ്പിച്ചു. അതില്‍ ആദ്യത്തേത് നിവാരണ നിയന്ത്രണങ്ങളും, അടുത്തത് സ്വാഭാവിക നിയന്ത്രണങ്ങളും. വിവാഹം വൈകിപ്പിക്കല്‍, ബ്രഹ്‌മചര്യം എന്നിവ നിവാരണ നിയന്ത്രണത്തിലും, യുദ്ധം, ക്ഷാമം, രോഗങ്ങള്‍ എന്നിവ സ്വാഭാവിക നിയന്ത്രണങ്ങളിലും ഉള്‍പ്പെടുന്നു. എന്നാല്‍ സ്വാഭാവിക നിയന്ത്രണങ്ങള്‍ വഴി മാത്രമേ ജനസംഖ്യാ വര്‍ധനവ് തടയാനാകൂയെന്നും ജനസംഖ്യാ വര്‍ധനവും ഭക്ഷ്യോല്‍പാദനവും തമ്മിലുള്ള നിരക്ക് ആനുപാതികമാക്കാന്‍ പ്രകൃതി സ്വയം ഒരുക്കുന്ന മാര്‍ഗ്ഗങ്ങളാണ് സ്വാഭാവിക നിയന്ത്രണമെന്നും മാല്‍ത്തൂസിയന്‍ വാദിച്ചു.
ജനസംഖ്യാവളര്‍ച്ചയില്‍ ചൈനയും ഇന്ത്യയും തമ്മില്‍ വലിയ ഒരു അന്തരമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നത് മാറിയിരിക്കുകയാണ്. 142.86 കോടിയാണ് ഇന്ത്യന്‍ ജനസംഖ്യ, ചൈനയിലേതാവട്ടെ അത് 142.57 കോടിയും. ജനസംഖ്യാ വളര്‍ച്ച തടയുന്നതിനായി ചൈന പലരീതിയിലുള്ള മാര്‍ഗ്ഗങ്ങള്‍ കൊണ്ടു വന്നിരുന്നു. എന്നാല്‍ അതെല്ലാം തിരിച്ചടിയായി മാറാന്‍ തുടങ്ങിയതോടെ നയങ്ങളില്‍ മാറ്റം കൊണ്ട് വരാന്‍ അവര്‍ തുടങ്ങി. 1980 ലെ ഒരു കുട്ടി എന്ന നയത്തില്‍ നിന്നും 2021 ലെ മൂന്ന് കുട്ടി എന്ന നയത്തിലേക്ക് മാറി. എന്നാല്‍ അതും നല്ലരീതിയിലല്ല ചൈനയെ ബാധിച്ചത്. ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കൈകാര്യം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങളെല്ലാം പാളി പോവുകയാണ് ചൈനയ്‌ക്ക് സംഭവിച്ചത്. ഈ വര്‍ധനവ് തങ്ങളുടെ രാജ്യത്തിന്റെ പുരോഗതിയെ ദോഷകരമായി ബാധിക്കാം എന്നതായിരുന്നു ജനസംഖ്യ വളര്‍ച്ച തടയാന്‍ ചൈനയെ പ്രേരിപ്പിച്ചത്.
എന്നാല്‍ ഇന്ത്യയാകട്ടെ വികസനത്തിലേക്ക് കാലെടുത്ത് വെച്ചത് തന്നെ രാജ്യത്തെ പുരോഗതിയിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ്. ജനസംഖ്യാ വര്‍ധനവിനോടൊപ്പം തന്നെ അത് ഒരിക്കലും രാജ്യത്തിന് ദോഷകരമാവാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കി. സാമ്പത്തിക വളര്‍ച്ചക്കും ഭക്ഷ്യോല്‍പാദന വര്‍ധനവിനുമുള്ള മാര്‍ഗങ്ങള്‍ ഇന്ത്യ രൂപീകരിച്ചു. ഇന്ന് രാജ്യം ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുകയും അത് ഇല്ലാത്ത രാജ്യങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം സിദ്ധാന്തത്തിലെ പ്രസ്താവനകളെല്ലാം തെറ്റായിപ്പോയി എന്നാണ് ഭാരതം തെളിയിച്ചത്. അതിവേഗതയിലുള്ള ജനസംഖ്യാ വളര്‍ച്ചക്കാണ് ഇന്ത്യ സാക്ഷിയായത്. അതോടൊപ്പം തന്നെ ഭക്ഷ്യോല്‍പാദനത്തിലും സാമ്പത്തിക രംഗത്തും ദ്രുതഗതിയിലുള്ള വര്‍ച്ചയാണ് രാജ്യം കാഴ്ചവെച്ചത്. ഇന്ത്യന്‍ ജനസംഖ്യയില്‍ 60 ശതമാനത്തിനു മുകളിലും 15 വയസ്സിനും 65 വയസ്സിനും ഇടയിലുള്ളവരാണ് എന്നതാണ് ഇന്ത്യൻ ജനസംഖ്യയുടെ മെച്ചം. രാജ്യത്തെ ഇനിയും വളര്‍ച്ചയിലേക്ക് നയിക്കാന്‍ ഈ വിഭാഗങ്ങള്‍ക്കെ കഴിയൂ എന്നതാണ് വസ്തുത.
പല ഭരണകര്‍ത്താക്കളും മാല്‍ത്തൂസിയ സിദ്ധാന്തം അംഗീകരിച്ചപ്പോള്‍ മറ്റ് പലരും അദ്ദേഹത്തിന്റെ വാദം തെറ്റാണെന്ന് പ്രസ്താവിച്ചു.
മാൽത്തൂസിന്റെത്, ഭക്ഷണ ദൗർലഭ്യം എന്ന ഭയത്തിൽ നിന്ന് ഉരുവം കൊണ്ട് കേവലം സിദ്ധാന്തം മാത്രമാണ് എന്ന ഇന്ന് ഭാരതം അസന്നിഗ്ധമായി തെളിയിച്ചിരിക്കുന്നു. വൈദ്യശാസ്ത്ര രംഗത്തെ പുരോഗതിയും സാങ്കേതിക രംഗത്തെ പുരോഗതിയും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും കാര്‍ഷിക രംഗത്തെ മുന്നേറ്റത്തിനും വഴിയൊരുക്കും എന്ന ഉൾക്കാഴ്ച മാൽത്തൂസിന് ഇല്ലാതെ പോയി. ഈ ആധുനികവൽക്കരണം ഇന്ത്യയെ ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കാന്‍ സഹായിച്ചു. പകര്‍ച്ചവ്യാധികളും, ദുരന്തങ്ങളും, യുദ്ധവുമെല്ലാം രാജ്യത്തെ പിടികൂടിയപ്പോഴും അതില്‍ നിന്നെല്ലാം കരകയറുവാന്‍ ഇന്ത്യന്‍ ജനത കെല്‍പ്പുള്ളവരായി തീര്‍ന്നിരുന്നു. ഒരു പക്ഷേ വികസനത്തിലും മുന്നേറ്റത്തിലും നിശിതമായ ലക്ഷ്യത്തോടെ ഭാരതം കൊണ്ടുവന്ന വേഗതയായിരിക്കാം അതിന് കാരണം.
ഭക്ഷ്യോല്‍പാദനത്തിലെ ചെറിയ ഒരു വീഴ്ച പോലും വലിയ ദുരന്തമായി തീരാമെന്ന മാല്‍ത്തൂസിന്റെ വാദത്തെ അപ്പാടെ തള്ളികളയുകയാണ് ഭരണകര്‍ത്താക്കള്‍ ചെയ്യ്തത്. പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ ക്ഷാമങ്ങള്‍ക്ക് കാരണം മാല്‍ത്തൂസ് വാദിച്ച കാരണങ്ങളായിരുന്നു എന്ന് ചിലര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ അതിന് കാരണം ജലദൗര്‍ലഭ്യമാണെന്ന് വിദഗ്ദര്‍ കണ്ടെത്തിയതോടെ ഗംഗാ, സിന്ധു നദി സമതലങ്ങളില്‍ ജലസേചന പദ്ധതികള്‍ ഗവണ്‍മെന്റ് ആരംഭിച്ചു. അതോടെ മാല്‍ത്തൂസിയന്‍ സിദ്ധാന്തത്തിന് യാതൊരു വിധ അടിസ്ഥാന സത്യവുമില്ലായെന്ന് തെളിഞ്ഞു. പഞ്ചവത്സരപദ്ധതികളും, ഹരിത വിപ്ലവങ്ങളുമെല്ലാം രാജ്യത്തെ ഭക്ഷ്യമേഖലയിലെ പുരോഗതി കൈവരിക്കുന്നതിന് സഹായിച്ചു. ഇന്ന് വികസനത്തില്‍ വൻ മാറ്റങ്ങളാണ് രാജ്യത്ത് കണ്ട് വരുന്നത്. പല പ്രതിസന്ധിഘട്ടങ്ങളില്‍ നിന്നും മുന്നോട്ട് കുതിക്കാന്‍ ഇന്ന് ഇന്ത്യ പ്രാപ്തമായിരിക്കുകയാണ്.
സർവ്വോപരി മാനവ വിഭവ ശേഷി ബാധ്യതയാണ് എന്ന ആഗോള സങ്കൽപനത്തിൽ നിന്ന് അതാണ് ഏറ്റവും വലിയ ആസ്തി എന്ന ആശയം ഭാരതം, സ്വാംശീകരിച്ചു. ഇന്ന് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ഈ രാജ്യത്തെ ജനതയാണ്.
ലോക ജനസംഖ്യാ ദിനം 2023 തീം:
ലോക ജനസംഖ്യാ ദിനത്തിന്റെ ഈ വർഷത്തെ പ്രമേയം “ലിംഗസമത്വത്തിന്റെ ശക്തി അഴിച്ചുവിടുക” എന്നതാണ്: നമ്മുടെ ലോകത്തിന്റെ അനന്തമായ സാധ്യതകൾ തുറക്കുന്നതിന് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശബ്ദം ഉയർത്തുക. യുഎൻ പറയുന്നതനുസരിച്ച്, ആഗോള ജനസംഖ്യയുടെ 49.7% സ്ത്രീകളാണ്, എന്നിരുന്നാലും ജനസംഖ്യാശാസ്‌ത്രത്തെക്കുറിച്ചുള്ള ചർച്ചകളിൽ സ്ത്രീകളും പെൺകുട്ടികളും പലപ്പോഴും അവഗണിക്കപ്പെടുന്നു, ജനസംഖ്യാ നയങ്ങളിൽ അവരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നു.ഈ വസ്തുതാണ് മുന്നിൽ കണ്ടുകൊണ്ടാണ് ഈ പ്രമേയം തിരഞ്ഞെടുത്തിരിക്കുന്നത്. അവിടെയും വിശ്വ ഗുരുവായ ഭാരതം മുന്നിൽ നിന്ന് നയിക്കുകയാണ്. “ബേട്ടി ബചാവോ ബേട്ടി പഠാവോ” തുടങ്ങിയ പദ്ധതികളിലൂടെ ലിംഗ സമത്വത്തിന്റെ പതാകാവാഹകരായി ഭാരതം ലോകത്തിനു വഴികാട്ടുന്നു.
സംഗീതാ സർവോത്തമൻ















