മിർപുർ: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20 പോരാട്ടത്തിലും ഇന്ത്യയ്‌ക്കായി മിന്നും പ്രകടനം തുടർന്ന് മലയാളി താരം മിന്നു മണി. 3 വിക്കറ്റുകളാണ് താരം ബംഗ്ലാദേശിനെതിരായുളള പരമ്പരയിൽ നേടിയത്. ഇന്ന് നടന്ന മത്സരത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കുകയും താരം മികച്ച പ്രകടനം നടത്തിയത് മലയാളികൾക്ക അഭിമാനമായി. ഇന്ത്യയുടെ പോരാട്ടം 95 റൺസിൽ അവസാനിപ്പിച്ചാണ് ബംഗ്ലാദേശ് വനിതകൾ ബാറ്റിംഗ്് തുടങ്ങിയത്. മിന്നു മണി അടങ്ങുന്ന ഇന്ത്യയുടെ ബൗളിംഗ് നിര ബംഗ്ലാദേശിനെ അക്ഷരാർത്ഥത്തിൽ വരിഞ്ഞ് മുറുക്കുകയായിരുന്നു.
നാലോവറിൽ ഒരു മെയ്ഡനടക്കം ഒൻപത് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്‌ത്തിയ മിന്നുവിന്റെ പ്രകടനം ഇന്ത്യൻ വിജയത്തിന് നിർണായകമായി. ഒരു ബൗണ്ടറി പോലും വഴങ്ങാതെയാണ് താരം മികച്ച രീതിയിൽ പന്തെറിഞ്ഞത്. ഇന്നിംഗ്‌സിന്റെ രണ്ടാം ഓവറിൽ പന്തെടുത്ത മിന്നു ബംഗ്ലാദേശിന്റെ ആദ്യ വിക്കറ്റ് വീഴ്‌ത്തുകയായിരുന്നു. ഓപ്പണർ ഷമീമ സുൽത്താനയാണ് ഇത്തവണയും മിന്നുവിന് മുന്നിൽ കീഴടങ്ങിയത്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽ ഷമീമയെ കൂടാരം കയറ്റിയാണ മിന്നു തന്റെ അന്താരാഷ്‌ട്ര അരങ്ങേറ്റം അവിസ്മരണീയമാക്കിയതും. രണ്ടാം മത്സരത്തിൽ ആദ്യ ഓവർ മെയ്ഡനാക്കിയാണ് താരം ഓപ്പണറെ മടക്കിയത്. പിന്നീട് നാലാം ഓവറിലാണ് രണ്ടാം വിക്കറ്റെടുത്തത്. റിതു മോനിയെ മിന്നു വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.
ആദ്യ ഇന്നിംഗ്‌സിൽ ബാറ്റിംഗിന് അവസരം കിട്ടിയ താരം പുറത്താകാതെ നിന്നു. മൂന്ന് പന്തിൽ ഒരു ഫോർ സഹിതം അഞ്ച് റൺസ് നേടി ഇന്ത്യൻ ഇന്നിംഗ്‌സിന് വിലപ്പെട്ട സംഭാവനയും നൽകി
Comments