പാരീസ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാൻസ് സന്ദർശിക്കും. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം. ഇന്നും നാളെയുമായി രണ്ട് ദിവസത്തെ ഫ്രാൻസ് പര്യടനത്തിനാണ് അദ്ദേഹം എത്തുന്നത്. നാളെ നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. അതേസമയം പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനത്തിൽ വളരെ ആവേശത്തിലാണ് ഇന്ത്യൻ സമൂഹം.
പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നതിൽ തങ്ങൾ വളരെ ആവേശത്തിലാണെന്നും അദ്ദേഹത്തിന് പ്രത്യേകം തയ്യാറാക്കിയ തലപ്പാവ് സമ്മാനിക്കുമെന്നും ഇന്ത്യൻ ഡയസ്പോറയുടെ തലവൻ പറഞ്ഞു. ഇന്ത്യയുടെയും ഫ്രാൻസിന്റെയും പതാകകൾ ചേർത്ത് നിർമ്മിച്ച പ്രത്യേക തലപ്പാവാണ് അദ്ദേഹത്തിന് സമ്മാനിക്കുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ കുറിച്ച് അറിഞ്ഞപ്പോൾ മുതൽ അദ്ദേഹത്തെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് ഇന്ത്യൻ ഗുജറാത്തി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു.
പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന ചടങ്ങിൽ തലപ്പാവ് അദ്ദേഹത്തിന് അണിയിക്കണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പ്രോട്ടോകോൾ അനുസരിച്ച് ഇതിനുവേണ്ട കാര്യങ്ങൾ എംബസി മുഖാന്തരം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ സ്വീകരണ ചടങ്ങിൽ തങ്ങളുടെ കുട്ടികൾ അദ്ദേഹത്തിനുവേണ്ടി ഗർബ അവതരിപ്പിക്കും. കൂടാതെ പാരീസിൽ സനാതൻ ക്ഷേത്രം നിർമ്മിക്കാനുള്ള തങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിക്കുമെന്നും ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു.
Comments