നാല് പതിറ്റാണ്ടിലേറെയായി ബോളിവുഡിൽ നിറസാന്നിധ്യമാണ് അനുപം ഖേർ. ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ അനുപം നാല് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെയാണ് സമ്മാനിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വലിയൊരു ആരാധക വൃന്ദത്തെ താരം സൃഷ്ടിച്ചു. ഇപ്പോഴിതാ തന്റെ 539-ാമത്തെ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് അനുപം ഖേർ. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.
സ്വർണ്ണ പാമ്പുകളെ കൊണ്ട് അലങ്കരിച്ചിരിക്കുന്ന സിംഹാസനത്തിൽ ഇരിക്കുന്ന തന്റെ കഥാപാത്രത്തിന്റെ ചിത്രമാണ് അദ്ദേഹം പങ്കിട്ടിരിക്കുന്നത്. അടുത്ത ചിത്രത്തിൽ താൻ ഏത് കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് കണ്ടുപിടിക്കാനും ആരാധകരോട് അനുപം ഖേർ ആവശ്യപ്പെടുന്നുണ്ട്. സിനിമ പുരാണങ്ങളോ ഇതിഹാസങ്ങളോ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും നടൻ വ്യക്തമാക്കി. ലോകത്തിലെ എല്ലാ ജനങ്ങൾക്കും അറിയാവുന്ന കഥയാണ് ഇതെന്നും ‘ഇന്ത്യയിലെ ഏറ്റവും വലിയ ബഹുഭാഷാ ചിത്രം’ ആണെന്നുമാണ് അനുപം ഖേർ പോസ്റ്റിൽ പറയുന്നത്. സിനിമയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഓഗസ്റ്റ് 24 ന് സിനിമയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അനുപം ഖേർ പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പാണ് തന്റെ 538-ാമത്തെ ചിത്രം അനുപം ഖേർ പ്രഖ്യാപിച്ചിച്ചത്. കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെക്കുകയും ചെയ്തു. ചിത്രത്തിൽ നൊബേൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോറിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. സിനിമയുടെ റിലീസ് തീയതിയോ പേരോ വെളിപ്പെടുത്തിയിട്ടില്ല. ഈ രണ്ട് ചിത്രങ്ങൾക്ക് പുറമെ, കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന എമർജൻസി എന്ന ചിത്രത്തിലും നടൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മന്ത്രി ജയപ്രകാശ് നാരായണനായാണ് താരം വേഷമിടുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
















Comments