പാരിസ്: പാരീസിലെ ഇന്ത്യൻ എംബസിയിൽ ഡിആർഡിഒയുടെ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) ടെക്നിക്കൽ ഓഫീസ് സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ. പ്രതിരോധ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. പ്രതിരോധ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാൻസ് സന്ദർശന വേളയിൽ 26 റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്.
പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തമായി സാങ്കേതിക അടിത്തറ കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷികളിലൊന്നാണ് ഫ്രാൻസ്. അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യകളുടെ വികസനവും, നിർമ്മാണവും സംയുക്ത പ്രതിബദ്ധതയാണെന്ന് ഇന്ത്യ-ഫ്രാൻസ് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. വരും കാലങ്ങളിൽ ഇന്ത്യയും ഫ്രാൻസും പുത്തൻ സാങ്കേതിക വിദ്യകളിലൂടെ പ്രതിരോധ സഹകരണം വിപുലീകരിക്കുമെന്നും വ്യക്തമാക്കി.
ഇന്ത്യൻ മൾട്ടി-റോൾ ഹെലികോപ്റ്റർ പ്രോഗ്രാമിന് കീഴിലുള്ള ഹെവി-ലിഫ്റ്റ് ഹെലികോപ്റ്ററുകളുടെ സഫ്രാൻ ഹെലി എഞ്ചിന്റെ വ്യാവസായിക സഹകരണത്തിന് ഇരു നേതാക്കളും പിന്തുണ അറിയിച്ചിട്ടുണ്ട്. എംആർഎച്ച് പ്രോഗ്രാമിന്റെ പുരോഗതി മെച്ചപ്പെടുത്തുന്നതിന് ഇന്ത്യയിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും ഫ്രാൻസിലെ സഫ്രാൻ ഹെലികോപ്റ്റർ എഞ്ചിനും തമ്മിൽ കൃത്യമായ കരാറിലെത്തിയിട്ടുണ്ട്. ഇന്ത്യൻ അന്തർവാഹിനി കപ്പലും, അതിന്റെ പ്രവർത്തനവും വികസിപ്പിക്കുന്നതിൽ കൂടുതൽ പദ്ധതികൾ നടപ്പിലാക്കുന്നത് ഇന്ത്യയും ഫ്രാൻസും തയ്യാറാണെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.
Comments