ലക്നൗ: പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചാര സംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസിന് (ഐഎസ്‌ഐ) വേണ്ടി പ്രവർത്തിച്ചയാളെ പിടികൂടി ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന. ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചോർത്തി ഐഎസ്‌ഐയ്‌ക്ക് നൽകാൻ ശ്രമിച്ചയാളെയാണ് എടിഎസ് പിടികൂടിയത്. ഗോണ്ടയിലെ തരബ്ഗഞ്ച് സ്വദേശിയായ മുഹമ്മദ് റായീസാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു.
മുംബൈയിൽ താമസിക്കുമ്പോൾ അർമാൻ എന്ന പേരിലൊരാളെ പരിചയപ്പെട്ടത് മുതലാണ് ഐഎസ്‌ഐയ്‌ക്ക് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങിയതെന്ന് അറിസ്റ്റിലായ റായീസ് പറയുന്നു. ഇന്ത്യയിലെ മുസ്ലീം സമുദായത്തിലുള്ളവർ ഏറെ പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെന്നും അവരെ രക്ഷപ്പെടുത്താൻ വേണ്ടി പ്രവർത്തിക്കണമെന്നും അർമാൻ തന്നോട് പറഞ്ഞതായും പ്രതി വെളിപ്പെടുത്തി.
സൗദി അറേബ്യയിൽ ജോലിക്ക് പോകാൻ താത്പര്യമുണ്ടായിരുന്നു. ഇതിന് വേണ്ടി പണം കണ്ടെത്താൻ സഹായിക്കണമെന്ന് അർമാനോട് റായീസ് ആവശ്യപ്പെട്ടപ്പോൾ അർമാനാണ് പാക് ചാരസംഘടനയുടെ പ്രതിനിധിയെ പരിചയപ്പെടുത്തി നൽകിയത്. ഐഎസ്ഐയ്‌ക്ക് വേണ്ടി പ്രവർത്തിച്ചാൽ പ്രതിഫലമായി പണം ലഭിക്കുമെന്നും ഇതുപയോഗിച്ച് സൗദിയിൽ പോകാമെന്നും അർമാൻ വിശ്വസിപ്പിച്ചു. ഇതുപ്രകാരമാണ് റായീസ് ഇന്ത്യൻ ആർമിയുടെ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു.
Comments