മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടി ഇനി ഓർമ്മ. ഏറ്റവും കൂടുതൽ തവണ നിയമസഭാ സാമാജികനായിരുന്ന ഉമ്മൻചാണ്ടി അഞ്ചുപതിറ്റാണ്ടിലേറെയായി നിയമസഭാംഗമായിരുന്നു. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി 12 തവണയാണ് ജനകീയ നേതാവ് നിയമസഭയിലെത്തിയത്. ഏഴ് വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു.
കോട്ടയം ജില്ലയിലെ കുമരകത്ത് 1943 ഒക്ടോബർ 31നായിരുന്നു കാരോട്ട് വള്ളക്കാലിൽ കെ.ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി ഉമ്മൻ ചാണ്ടി ജനിച്ചത്. ബാലജനസഖ്യത്തിലൂടെ കെ.എസ്.യു എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് രാഷ്‌ട്രീയ പ്രവർത്തനം ആരംഭിച്ച ഉമ്മൻ ചാണ്ടി പിന്നീട് കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന അദ്ധ്യക്ഷനായി. 1970ൽ 27-ാം വയസിൽ കേരള നിയമസഭയിലേക്കുളള രംഗപ്രവേശനം നേടിയ അദ്ദേഹം പിന്നീട് കോൺഗ്രസിന്റെ മുൻനിര നേതാവിലേക്കുളള ചുവട് മാറ്റത്തിന് തുടക്കം കുറിച്ചു. പിന്നീടുള്ള അര നൂറ്റാണ്ട് കാലം കോൺഗ്രസിന്റെ ഏറ്റവും ജനകീയനായ നേതാക്കളിലൊരാളായി ഉമ്മൻ ചാണ്ടി കേരള രാഷ്‌ട്രീയത്തിൽ നിറഞ്ഞു നിന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ 27-ാം വയസിലാണ് ഉമ്മൻ ചാണ്ടി ആദ്യമായി മത്സര ഗോദയിലിറങ്ങുന്നത്. ദേശീയ തലത്തിൽ കോൺഗ്രസ് പിളർപ്പ് നേരിട്ട് നിൽക്കുന്ന സമയത്താണ് പുതുപ്പള്ളിയെന്ന സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റിലേക്ക് ഉമ്മൻ ചാണ്ടിയുടെ രംഗപ്രവേശം. മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയാലും വിജയിച്ചതായി കണക്കാക്കുമെന്ന് ഉമ്മൻചാണ്ടിയെ ധരിപ്പിച്ച കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കു കൂട്ടലുകളെപ്പോലും തിരുത്തി, സിറ്റിംഗ് എംഎൽഎയായിരുന്ന ഇ.എം ജോർജിനെ പരാജയപ്പെടുത്തി ഉമ്മൻ ചാണ്ടി കേരള നിയമസഭയിലേക്ക് പ്രവേശിച്ചു. 7,233 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ആ വിജയം.
പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും 27-ാമത്തെ വയസിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉമ്മൻ ചാണ്ടി തുടർച്ചയായി 12 തവണ പുതുപ്പള്ളിയിൽ നിന്നും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ സാമാജികത്വത്തിന്റെ 50 വർഷം ഉമ്മൻ ചാണ്ടി പൂർത്തീകരിച്ചത് 2020ൽ പുതുപ്പള്ളിയിൽ നിന്നുള്ള ജനപ്രതിനിധിയായാണ്.
1977ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഉമ്മൻ ചാണ്ടിക്ക് 34 വയസായിരുന്നു. 1978ൽ കെ. കരുണാകരൻ രാജിവെച്ച് എ.കെ ആൻറണി മുഖ്യമന്ത്രിയായപ്പോഴുളള സർക്കാരിലും തൊഴിൽ മന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. 1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ. കരുണാകരൻ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായും 1991-ൽ കെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു.
രണ്ട് തവണ കേരള മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി ഏഴു വർഷമാണ് ചുമതലയിലിരുന്നത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം, പ്രതിപക്ഷ നേതാവ്, 1982-86 കാലഘട്ടത്തിൽ ഐക്യ ജനാധിപത്യ മുന്നണി കൺവീനർ എന്നീ ചുമതലകൾ ഉമ്മൻ ചാണ്ടി വഹിച്ചു. 2004ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത യുഡിഎഫ് പരാജയവും ഭൂരിപക്ഷ സമുദായ അനുകൂല പ്രസ്താവനയും മൂലം ഒറ്റപ്പെട്ട എ.കെ ആൻറണി രാജിവെച്ചപ്പോൾ പകരക്കാരനായി മുഖ്യമന്ത്രി പദത്തിലെത്തിയ ഉമ്മൻ ചാണ്ടി 2006 വരെ ആ സ്ഥാനത്ത് തുടർന്നു. പിന്നീട് 2006ലെ വി.എസ് അച്ച്യുതാനന്ദൻ സർക്കാരിന്റെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.
പിന്നീട് 2011ൽ വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരിച്ചെത്തി. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ സർക്കാരിനെ ഉമ്മൻ ചാണ്ടിയെന്ന സമുന്നത നേതാവിന്റെ കഴിവായിരുന്നു അഞ്ച് വർഷം പൂർത്തിയാക്കാൻ സഹായിച്ചത്. ഭരണത്തിന്റെ അവസാന നാളുകളിൽ സോളാർ, ബാർക്കോഴ കേസ് വിവാദങ്ങൾ സർക്കാരിന് തിരിച്ചടിയായി. ഉമ്മൻ ചാണ്ടിയെന്ന ജനകീയ കോൺഗ്രസ് നേതാവിന്റെ രാഷ്‌ട്രീയ ജീവിതത്തിലെ നാഴികകല്ലായിരുന്നു ജനസമ്പർക്ക പരിപാടി. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന പരിപാടിയെന്ന നിലയിൽ ഏറെ ജനപ്രീതി നേടാൻ പരിപാടിക്ക് കഴിഞ്ഞു. ഉമ്മൻ ചാണ്ടിക്ക് യുഎൻ അംഗീകാരവും ഇതിലൂടെ ലഭിച്ചു.
Comments