അഹമ്മദാബാദ് ; പാക് ചാരന്മാരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി . സിറാജുദ്ദീൻ എന്ന കറാമത്ത് അലി ഫക്കീർ, മുഹമ്മദ് അയൂബ് ഷെയ്ഖ്, നൗഷാദ് അലി എന്നിവരെയാണ് കോടതി ശിക്ഷിച്ചത് . അഹമ്മദാബാദ് സെഷൻസ് കോടതിയിൽ ഏകദേശം 10 വർഷത്തോളം നീണ്ടുനിന്ന വിചാരണയ്‌ക്ക് ശേഷം ജഡ്ജി അംബലാൽ പട്ടേലാണ് മൂന്ന് ചാരന്മാർക്ക് ശിക്ഷ വിധിച്ചത്.
മൂവരും ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് അയച്ചിരുന്നു. “അവർ ഇന്ത്യയിലാണ് താമസിക്കുന്നത്. പക്ഷേ അവരിൽ രാജ്യസ്നേഹമില്ല. പാകിസ്താനോടുള്ള അവരുടെ സ്നേഹം ദൃശ്യമാണ്. തങ്ങളുടെയും , പാകിസ്താന്റെയും കാര്യങ്ങളാണ് ഇവർ ചിന്തിക്കുന്നത്. രാജ്യത്തിന് ഭീഷണിയായ ഇത്തരക്കാരെ തിരിച്ചറിഞ്ഞതിന് ശേഷം സർക്കാർ അവരെ പാകിസ്താനിലേക്ക് അയക്കണം അല്ലെങ്കിൽ അത്തരക്കാർ സ്വന്തം നിലയ്‌ക്ക് രാജ്യം വിടണം. തന്റെ രാജ്യത്തെ 140 കോടി ജനങ്ങളെ കുറിച്ച് ഇവർക്ക് ആശങ്കയില്ല. എന്നാൽ പാകിസ്താനോടുള്ള സ്നേഹം അവരിൽ കാണാം – കോടതി വ്യക്തമാക്കി.
ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിവരങ്ങൾ പാകിസ്താന് കൈമാറിയെന്നാരോപിച്ച് 2012ൽ അഹമ്മദാബാദ് പോലീസിന്റെ ക്രൈംബ്രാഞ്ച് കരാമത്ത് അലി എന്ന സിറാജുദ്ദീൻ, മുഹമ്മദ് അയൂബ് ഷെയ്ഖ്, നൗഷാദ് അലി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മൂവരും തൈമൂർ, താഹിർ എന്നീ ഐഎസ്ഐ ഏജന്റുമാരുമായി ബന്ധപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിൽ സിറാജുദ്ദീന്റെയും, അയൂബിന്റെയും ബന്ധുക്കൾ പാകിസ്താനിലുണ്ടെന്ന് കണ്ടെത്തി.
2007ൽ ഇരുവരും ബന്ധുക്കളെ കാണാൻ കറാച്ചിയിൽ പോയിരുന്നു. അവിടെവെച്ച് ഐഎസ്ഐയുമായി ബന്ധപ്പെട്ടു. ഇന്ത്യയിൽ നിന്ന് വിവരങ്ങൾ അയക്കാനുള്ള പരിശീലനം ഇവർക്ക് നൽകി. പിന്നീട് നൗഷാദ് അലിയും ഇവർക്കൊപ്പം ചേർന്നു. കച്ച്, അഹമ്മദാബാദ്, ഗാന്ധിനഗർ, രാജസ്ഥാന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ സൈനിക താവളങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മൂവരും പാകിസ്താന് അയച്ചിരുന്നു. ഇവർക്ക് എല്ലാ മാസവും ദുബായ് പോലുള്ള സ്ഥലങ്ങളിൽ നിന്ന് പണവും ലഭിച്ചിരുന്നു . സിറാജുദ്ദീൻ 2012 മുതൽ ജയിലിലാണ്.
Comments