ഹൽദ്വാനി: കാമുകനെ പാമ്പിനെ കൊണ്ട് കൊല്ലാനും രക്ഷപ്പെടാനും യുവതിക്ക് പ്രചോദനമായത് ബോളിവുഡിൽ 2003 മുതൽ സംപ്രേക്ഷണം ആരംഭിച്ച ‘ക്രൈം പട്രോൾ’ എന്ന സീരിയലെന്ന് പോലീസ്. കൊലപാതകം ആസൂത്രണം ചെയ്യാനും തെളിവ് നശിപ്പിക്കാനും രണ്ടു മാസമായി സീരിയിലിന്റെ മുഴുവൻ എപ്പിസോഡുകളും കാണുകയായിരുന്നു മഹിയെന്ന ഡോളി ആര്യ.
പിടിക്കപ്പെടാതിരിക്കാൻ ൃസ്വന്തം വീട്ടിലെ സിസിടിവി ക്യാമറകൾ കൊലപാതകത്തിന് 20 ദിവസം മുൻപ് ഓഫാക്കിയിരുന്നു. വീട്ടിൽവച്ച് കൊലപ്പെടുത്താൻ പലതവണ ശ്രമം നടന്നിരുന്നു. ഇതിനായി പാർട്ടികളും സംഘടിപ്പിച്ചിരുന്നു. കൊലയ്‌ക്ക് ശേഷം സിസിടിവിയുടെ ഡിവിആറുമായണ് ഇവർ കാമുകനും കൂട്ടാളികൾക്കുമൊപ്പം മുങ്ങിയത്. ഹൽദ്വാനി സ്വദേശിയായ അങ്കിത് ചൗഹാൻ(32) എന്ന യുവാവിനെയാണ് ഇവർ പാമ്പാട്ടിക്ക് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയത്. ജൂലൈ 17നായിരുന്നു കൃത്യം. പാമ്പാട്ടിക്ക് 10,000 രൂപയാണിവർ നൽകിയതെന്ന് പോലീസ് പറഞ്ഞു.
യുവാവിനെ കണ്ടെത്തുമ്പോൾ പോളോ കാറിന്റെ എൻജിനും എസിയും ഓണായിരുന്നു. തീൻപാനി ഗോലാപാസ് റോഡിൽ കിടന്ന കാറിലായിരുന്നു മൃതദേഹം. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ് അന്വേഷണത്തിലാണ് അങ്കിത് ചൗഹാന്റെ ഇരു കാലിലും പാമ്പ് കടിച്ച പാടുകൾ കണ്ടെത്തിയത്.പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇത് സ്ഥിരീകരിച്ചു. മരണത്തിൽസംശയം ഉയർന്നതോടെ നാലു ടീമിനെ അന്വേഷണത്തിനായി നിയോഗിച്ച് നിരീക്ഷണം ശക്തമാക്കി. അവസാനമായി അങ്കിതുമായി സംസാരിച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് നീങ്ങി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പാമ്പാട്ടി പോലീസിന്റെ പിടിയിലാകുന്നത്.
പിന്നാലെ നടന്ന ചോദ്യ ചെയ്യലിലാണ് കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. അങ്കിതിന്റെ കാമുകിയും സഹായികളും പാമ്പാട്ടിയുമടക്കം കൊലപാതകത്തിൽ അഞ്ച് പേരെയാണ് പോലീസ് തെരയുന്നത്. പാമ്പാട്ടി ഒഴികെയുള്ളവർ ഒളിവിലാണ്. സംഭവത്തേക്കുറിച്ച് നൈനിറ്റാൾ സീനിയർ പൊലീസ് സൂപ്രണ്ട് പങ്കജ് ഭട്ട് വിശദമാക്കുന്നത് ഇങ്ങനെയാണ്.
ഡോളി എന്നപേരിൽ അറിയപ്പെടുന്ന മഹിയെന്ന യുവതിയുമായി അങ്കിത് ഏറെക്കാലമായി പ്രണയത്തിലായിരുന്നു. യുവാവിനെ പലതവണ ഇവർ ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു. വിവിധ കാരണങ്ങൾ പറഞ്ഞായിരുന്നു ഇത്.എന്നാൽ പ്രണയ ബന്ധം ഒഴിയാനുള്ള മഹിയുടെ ശ്രമം അങ്കിത് തടഞ്ഞുവെന്ന് മാത്രമല്ല ബന്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് വിശദമാക്കി പിന്നാലെ നടക്കുകയും ചെയ്തു.
ഇതോടെ ഏത് വിധേനെയും അങ്കിതിനെ ഒഴിവാക്കാനുള്ള കാമുകിയുടെ ശ്രമമാണ് കൊലപാതകത്തിലെത്തിയത്. ഈ ഒരുമാസം മാത്രം മൂന്ന് തവണ കൊലപാതകത്തിനുള്ള ശ്രമമുണ്ടായെങ്കിലും അങ്കിത് തലനാരിഴയ്‌ക്ക് രക്ഷപ്പെടുകയായിരുന്നു. മറ്റ് രീതിയിൽ കൊലപ്പെടുത്തിയാൽ പൊലീസ് കേസാകുമെന്ന് ഭയന്ന് സാധാരണ മരണം എന്ന നിലയിലേക്ക് പദ്ധതി തയ്യാറാക്കിയാണ് പാമ്പാട്ടിക്ക് ക്വട്ടേഷൻ നൽകിയത്. മൂർഖൻ പാമ്പിനെകൊണ്ട് കടിപ്പിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്.
















Comments