വയനാട്: വെണ്ണിയോട് കുട്ടിയുമായി കൊണ്ട് അമ്മ പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. ഭർത്താവ് ഓംപ്രകാശിന്റെ പീഡനം മൂലമാണ് ദർശന പുഴയിൽ ചാടിയതെന്നു മാതാപിതാക്കൾ ആരോപിച്ചു. ദർശനയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം മന്ദഗതിയിലാണെന്നും മാതാപിതാക്കൾ പറഞ്ഞു. ദർശനയുടെ മരണത്തിന് കാരണക്കാരായ വ്യക്തികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബം പോലീസിലും മനുഷ്യാവകാശ കമ്മീഷനിലും വനിതാ കമ്മീഷനിലും പരാതി നൽകി.
വയനാട് വെണ്ണിയോട് ജൂലൈ 13ന് വൈകുന്നേരം നാലുമണിയോടെയാണ് അഞ്ചു വയസുകാരി മകൾ ദക്ഷയുമായി അഞ്ച് മാസം ഗർഭിണിയായ ദർശന വെണ്ണിയോട് പുഴയിലേക്ക് ചാടിയത്. ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങളെ തുടർന്നായിരുന്നു മകൾ മരിച്ചതെന്ന് അമ്മ വിശാലാക്ഷി പറഞ്ഞു. പുഴയിൽ ചാടിയ ദർശനയെ ഉടൻ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും ശരീരത്തിൽ വിഷാംശം ഉണ്ടായിരുന്നതിനാൽ ചികിത്സയിലിരിക്കെ ദർശന മരിച്ചിരുന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് മകൾ ദക്ഷയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തത് .ഈ സംഭവത്തിലാണ് ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.
ഭർത്താവ് ഓംപ്രകാശിന്റെ നിർബന്ധത്തെ തുടർന്ന് ദർശന രണ്ട് തവണ ഗർഭം അലസിപ്പിച്ചിരുന്നു. തുടർന്ന് യുവതി മാനസിക സമ്മർദ്ദത്തിൽ ആയിരുന്നതായും വീട്ടുകാർ ആരോപിക്കുന്നു. മുൻപ് കമ്പളക്കാട് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും നീതി ലഭിച്ചില്ലെന്നു കുടുംബം പ്രതികരിച്ചു.
















Comments