കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ചെറുകുന്ന് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ വായ്പ്പാ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. ബാങ്ക് ജീവനക്കാരനായ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ജെ. മുത്തുകുമാറാണ് തട്ടിപ്പിന് പിന്നിൽ. ആരോപണ വിധേയനായ മുത്തുകുമാറിനെ ഒരു വർഷത്തേയ്‌ക്ക് പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു.
4 വർഷം മുമ്പാണ് സ്ത്രീകളടക്കമുള്ള അംഗങ്ങളുടെ പേരിൽ മുത്തുകുമാർ 18 ലക്ഷം രൂപ വായ്പ എടുക്കുന്നത്. ഇതേ ബാങ്കിന്റെ ശാഖയിൽ ജോലി ചെയ്യുന്ന ഇയാൾ വായ്പ എടുത്തവരുടെ പേരിൽ നോട്ടീസ് നൽകുന്നതും തടഞ്ഞിരുന്നു. ബാങ്കിന്റെ മറ്റൊരു ശാഖയിലേക്ക് ഇയാൾ മാറിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
അതേസമയം ക്രമക്കേടിന് പിന്നിൽ ഒരാൾ മാത്രമല്ലെന്നും തട്ടിപ്പിൽ പാർട്ടിയുടെ പ്രാദേശിക നേതൃത്വത്തിനും പങ്കുണ്ടെന്നാണ് ആക്ഷേപം. ബാങ്ക് കേന്ദ്രീകരിച്ച് സമാനമായ തട്ടിപ്പുകൾ വേറെയും നടന്നുവെന്ന ആരോപണവുമായി ബിജെപി ഉൾപ്പെടെ രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം.
Comments