തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും വീണ്ടും മഴ ശക്തമാകുന്നു. വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് പുതിയ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കൂടാതെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം,ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.
വടക്കൻ കേരളത്തിൽ മഴ ശക്തമായതിനെ തുടർന്ന് നിരവധി നാശനഷ്ട്ടങ്ങൾ ഉണ്ടായി. കണ്ണൂരിൽ നിർമാണത്തിലിരുന്ന ഇരുനില വീട് നിലം പതിച്ചു. പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് കനത്ത മഴയിൽ പുഴകൾ കരകവിഞ്ഞൊഴുകുന്നു. വിവിധ ജില്ലകളിൽ മരം വീണ് വീടുകളും തകർന്നിട്ടുണ്ട്. ഇന്ന് മുതൽ അഞ്ച് ദിവസം വ്യാപക മഴയ്‌ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
വിദർഭക്കും ഛത്തീസ്‌ഗഡനും മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും തെക്ക് കിഴക്കൻ രാജസ്ഥാനും വടക്ക് കിഴക്കൻ ഗുജറാത്തിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും (Heavy Rainfall) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി കൂടി സ്ഥിതി ചെയ്യുന്നു. നാളെയോടെ (ജൂലൈ 24) വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും മുകളിലായി ഒഡിഷ – ആന്ധ്രാ പ്രദേശ് തീരത്തിനു സമീപം പുതിയൊരു ന്യുനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
Comments