പാലക്കാട്: ഗവൺമെന്റ് മോയൻ മോഡൽ ഗൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ചന്ദ്രയാൻ-3യുടെ മാതൃക പ്രദർശിപ്പിച്ചു. സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു പ്രദർശനം. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ചന്ദ്രയാൻ-3യുടെ മാതൃക പ്രദർശിപ്പിച്ചത്.
ചാന്ദ്രദിനാചരണത്തോടെ അനുബന്ധിച്ച് ഹൈസ്‌കൂൾ ഫിസിക്‌സ് അദ്ധ്യാപകനായ കെപി സ്‌കന്തകുമാറിന്റെയും സയൻസ് അദ്ധ്യാപകരുടെയും നേതൃത്വത്തിലായിരുന്നു പ്രയത്‌നം. എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ ചാർട്ട് പേപ്പർ ഉപയോഗിച്ചാണ് മാതൃക ഉണ്ടാക്കിയത്. ഗവൺമെന്റ് വിക്ടോറിയ കോളേജ് ഫിസിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. സുനിത ഗണേഷ് പ്രദർശനവേളയിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
സ്‌കൂൾ പിടിഎ പ്രസിഡന്റ് പി ധന്യ അദ്ധ്യക്ഷ സ്ഥാനം നിർവഹിച്ചു. പ്രധാന അദ്ധ്യാപികമാരായ കെ.പുഷ്പ, എം ഇന്ദു, ഡപ്യൂട്ടി ഹെഡ്മാസ്റ്റർ കെ സുരേഷ്, മലയാളം അദ്ധ്യാപകൻ മണികണ്ഠൻ മുണ്ടയ്‌ക്കൽ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.
Comments