എറണാകുളം: വിദ്യാർത്ഥികൾക്കായി പുതിയ ട്രാവൽകാർഡ് പുറത്തിറക്കി കൊച്ചി മെട്രോ. വിദ്യ 45 എന്ന പേരിലുള്ള പുതിയ പാക്കേജിൽ 45 ദിവസ പരിധിയിൽ 50 തവണ യാത്ര ചെയ്യാൻ സാധിക്കും. ഇതിന് ദൂരപരിധിയില്ല. കാർഡിന് 495 രൂപയാണ് വില വരുന്നത്. ഒരു യാത്രയ്ക്ക് പത്ത് രൂപയിൽ താഴെ മാത്രമാണ് ഈടാക്കുന്നത് എന്നതാണ് കാർഡിന്റെ പ്രത്യേകത. വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള തിരിച്ചറിയൽ കാർഡുമായി എത്തിയാൽ എല്ലാ മെട്രോ സ്റ്റേഷനിൽ നിന്നും കാർഡ് വാങ്ങാവുന്നതാണ്.
പ്രവേശന പരീക്ഷകൾക്കും ജോലിക്കുമായി പരിശീലനം നൽകുന്ന സ്ഥാപനങ്ങളിലുള്ള വിദ്യാർത്ഥികൾക്കും കാർഡ് ലഭ്യമാണ്. വിദ്യാർത്ഥികളുടെ ഫോട്ടോ ഉൾപ്പെടുത്തിയ സത്യവാങ്മൂലം വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും നൽകിയാൽ മതിയാകും. ഒരു മാസം, ഒരു ദിവസം എന്നിങ്ങനെ പരിധിയുള്ള വിദ്യാർത്ഥി പാസുകളും ലഭ്യമാണ്. വിദ്യ 1 കാർഡിന് 50 രൂപയും വിദ്യ 30 കാർഡിന് 900 രൂപയുമാണ് നിരക്ക്. രണ്ടിലും അൺലിമിറ്റഡ് യാത്രയാണ് ലഭ്യമാകുക.
Comments