നാം കേട്ട കഥകളിൽ നിന്ന് വ്യത്യസ്ഥമാണ് പല കഥകളും. മൂല രാമായണത്തിലെ കഥയ്‌ക്ക് പിന്നീട് ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്.കല്ലാമഹല്യയ്‌ക്ക് മോക്ഷവും നൽകി എന്ന് ഭക്തിപൂർവ്വം പാടുമ്പോൾ വാല്മീകി രാമായണത്തിൽ അഹല്യ കല്ലായതായി പറയുന്നില്ല.സമൂഹത്തിലെ ശിഖരസ്ഥാനമലങ്കരിക്കുന്നവർ എങ്ങനെ തെറ്റായി പെരുമാറുന്നു എന്നും അതിന്റെ പരിണത ഫലം എന്തായിരിക്കുമെന്നും അഹല്യയുടെയും ദേവേന്ദ്രന്റെയും കഥയിലൂടെ ആദികവിവരച്ചുകാട്ടുന്നു. പുരുഷനും സ്ത്രീയും ചെന്നുപെടുന്ന ധാർമ്മികാധപതനത്തിന്റെ നേർക്കുള്ള ഉള്ളു തുറന്ന അമർഷവും പ്രതിഷേധവുമാണ് വിശ്വാമിത്രന്റെയും, ഗൗതമന്റെയും വാക്കുകളിലൂടെ പറയുന്നത്.
ദേവേന്ദ്രനെ ദുർവൃത്തൻ, അഹല്യയെ ദുർവൃത്ത, ദുർമതി, ദുർമേധാ, ദുഷ്ട ചാരിണി എന്നീ വാക്കുകളാലാണ് വിശേഷിപ്പിക്കുന്നത്.
“നീ ഇതേ സ്ഥലത്ത് വായു വിഴുങ്ങി, ഒന്നും കഴിക്കാതെ, വെന്തു വെന്ത്, വെണ്ണീറിൽക്കിടന്ന്, ആരും നോക്കാനില്ലാതെ കഴിഞ്ഞു കൂടുക.” (ഇഹ, വാതഭക്ഷാ, നിരാഹാരാ, തപ്യന്തീ, ഭസ്മ ശായിനീ, സർവ്വഭൂതാനാം അദൃശ്യ.(48/30) ഇതായിരുന്നു ശാപം. കല്ലാകാൻ ശാപമില്ല.
ദശരഥതനയനായ രാമൻ, അതി പരാക്രമി, ഇവിടം സന്ദർശിക്കുമ്പോൾ നീ ശുദ്ധീകരിക്കപ്പെടും. ആ രാമന് ആതിഥ്യമരുളുമ്പോൾ, വൃത്തികെട്ടു പെരുമാറിയവളേ, നീ ലോഭ മോഹങ്ങൾ വരണ്ടുപോയവളാകും. എനിക്കു ചേർന്നവളായി എന്റെ കൂടെ ചേരും. ഇങ്ങനെ ആ മഹാതേജസ്വി ദുഷ്ട ചാരിണിയോട് പറഞ്ഞിട്ട് ഹിമാലയ പ്രാന്തങ്ങളിൽ തപസ് തുടരാൻ ആശ്രമം വിട്ടു പോയി.
‘അപിചേത് സദുരാചാരോ ഭജതേ മാം അനന്യഭാക്
സാധുരേവ സമന്ത്യവ്യ: സമ്യക് വ്യവസിതോഹി സ:’
(ഭ.ഗീത 9/30) (ഏറ്റവും വലിയ ദുരാചാരിയായിരുന്നാൽപ്പോലും അനന്യമായ ഭക്തിയോടു കൂടി എന്നെ ഭജിക്കുകയാണെങ്കിൽ അവനെ സത് പുരുഷനായിത്തന്നെ കരുതണം. കാരണം അവൻ സർവ്വേശ്വരനിൽ മനസ്സുറപ്പിച്ചവനായിത്തീർന്നിരിക്കുന്നു. ഭഗവത് ഗീതയിലെ ഈ ദർശനം തന്നെയായിരിക്കാം അഹല്യയെ പഞ്ചകന്യകകളിലൊരാളായി അവരോധിച്ചതും.
സത്സംഗത്വേ നിസ്സംഗത്വം
നിസ്സംഗത്വേ നിർമ്മാേഹത്വം
നിർമ്മോഹത്വേ നിശ്ചല തത്വം
നിശ്ചലതത്വേ നിർമ്മുക്തി.
സത്സംഗം കൊണ്ട് നിസ്സംഗത്വമുണ്ടാകും.നല്ല മനുഷ്യരുമായി സംഗം (കൂടിച്ചേരൽ ഉണ്ടാകണം) ആ സംഗം മോഹമില്ലായ്മയ്‌ക്ക് കാരണമാകും.
ആഗ്രഹമാണ് (മോഹം) ദു:ഖത്തിന് കാരണമാകുക. മോഹമില്ലാതായാൽ മനസ്സ് നിശ്ചലമാകും.(യോഗ: ചിത്തവൃത്തി നിരോധ: എന്ന് പാതഞ്ജല യോഗസൂത്രത്തിൽ പതഞ്ജലി മഹർഷി പറയുന്നു.)മനസ്സ് നിശ്ചലമായാൽ മുക്തി സാദ്ധ്യമാകും.അപ്പോൾ മുക്തിക്ക് കാരണമാണ് സത്സംഗം എന്നത് ഓർക്കുക.ഇതും അഹല്യാമോക്ഷത്തിലൂടെ ആദികവി പറഞ്ഞു വയ്‌ക്കുന്നുണ്ടാകാം.
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/
















Comments