തിരുവനന്തപുരം;ഇടയാറൻമുളയിൽ മൂന്നാം ക്ലാസുകാരിയെ ചൂരൽവടികൊണ്ട് അടിച്ച അദ്ധ്യാപകനെ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം സസ്പെൻഡ് ചെയ്തു. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്ഐഎസിനോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു. ഇക്കാര്യത്തിലുള്ള എഇഒയുടെ റിപ്പോർട്ടും പോലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് സസ്പെൻഷൻ.
അദ്ധ്യാപകർക്ക് വിദ്യാർഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. അദ്ധ്യാപകൻ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ക്ലാസിൽ ചെയ്തു കാണിക്കാൻ ആവശ്യപ്പെട്ട കണക്കുകൾ കുട്ടി ചെയ്ത് കാണിക്കാത്തതിൽ പ്രകോപിതനായ അദ്ധ്യാപകൻ കുട്ടിയെ തല്ലുകയായിരുന്നു.കുഞ്ഞിന്റെ കൈ വെളളയിലും കൈത്തണ്ടയിലും അടിയേറ്റെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മയാണ് പോലീസിൽ പരാതി നൽകിയത്. കുട്ടിയിടെ കൈയിൽ അടിയേറ്റ പാടുകൾ ഉണ്ടെന്ന് പോലീസും സ്ഥിരീകരിച്ചു.ജുവനൈൽ ആക്റ്റ് പ്രകാരമാണ് അദ്ധ്യാപകനെതിരെ കേസെടുത്തത്. വിഷയത്തിൽ ഇടപെട്ട ബാലാവകാശ കമ്മീഷൻ, പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
Comments