കണ്ണൂർ: ജില്ലയിൽ ഓൺലൈൻ മുഖേന പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് നടത്തിയിരിക്കുന്നത് കോടികളുടെ തട്ടിപ്പെന്ന് പോലീസ്. രണ്ട് ലക്ഷം രൂപ മുതൽ 35 ലക്ഷം രൂപ വരെയാണ് തട്ടിപ്പിന് ഇരയായവർക്ക് നഷ്ടമായിരിക്കുന്നത്. വൻ തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യയിൽ നിന്നുള്ളവർ ആകാമെന്നാണ് സൈബർ പോലീസിന്റെ നിഗമനം. കഴിഞ്ഞമാസം സമാന രീതിയിൽ തട്ടിപ്പിന് ഇരയായ യുവതി കടലിൽ ചാടി ജിവനൊടുക്കിയിരുന്നു. മരണത്തിന് പിന്നാലെ യുവതിയുടെ വാട്ട്‌സ്ആപ്പിൽ നിന്നും തട്ടിപ്പ് സംബന്ധിച്ച ചാറ്റ് വീണ്ടെടുത്തിരുന്നു.
ഇത്തരത്തിൽ കണ്ണൂർ സ്വദേശിയായ യുവാവിന് വാട്ട്സ്ആപ്പിലൂടെ ആദ്യം എത്തിയത് പാർട് ടൈം ജോലി ആവശ്യമുണ്ടോയെന്ന ചോദ്യമായിരുന്നു. യുവാവ് താൽപര്യം പ്രകടിപ്പിച്ചതോടെ യൂട്യൂബ് ചാനൽ ലൈക് ചെയ്താൽ അമ്പത് രൂപ നൽകാമെന്നായി വാഗ്ദാനം. ലൈക് ചെയ്തതിന്റെ സ്‌ക്രീൻഷോട്ട് അടക്കം വാട്ട്സ്ആപ്പിൽ അയച്ചതിനു പിന്നാലെ അക്കൗണ്ടിൽ പണം എത്തി. ഇതിന് ശേഷം പതിനായിരം രൂപ നൽകുകയാണെങ്കിൽ പതിനയ്യായിരം രൂപ വരെ തിരികെ ലാഭം കിട്ടുമെന്നായി വാഗ്ദാനം. ഇതും പാലിക്കപ്പെട്ടതോടെ യുവാവിന് ഈ സംഘത്തിൽ വിശ്വാസമായി. ഇതിന് ശേഷം വാട്ട്‌സആപ്പിൽ നിന്ന് ടെലിഗ്രാമിലേക്ക് ചാടി. വൻ ലാഭമുണ്ടാക്കുന്ന അംഗങ്ങൾക്കൊപ്പം ചേർക്കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു ടെലിഗ്രാം ഗ്രൂപ്പിലേക്ക് ആഡ് ചെയ്തത്. ക്രിപ്‌റ്റോ കറൻസി ഇടപാടാണെന്ന് പറഞ്ഞ് വീണ്ടും പണം വാങ്ങി.
തുടർന്ന് പണം കൈക്കലാക്കിയ ശേഷം ലാഭവിഹിതമുൾപ്പെടെ നൽകാൻ നികുതി നൽകണമെന്നാവശ്യപ്പെട്ടു. രണ്ടാഴ്ചക്കുള്ളിൽ മുപ്പത് ലക്ഷത്തോളം രൂപ നഷ്ടമായതോടെയാണ് സംഭവം തട്ടിപ്പാണെന്ന് തിരിച്ചറിയുന്നത്. ബാങ്കിൽ നിന്നും ലോണെടുത്ത് നൽകിയ തുകയാണ് യുവാവിന് നഷ്ടമായത്. സർക്കാർ ഉദ്യോഗസ്ഥരുടെ മുതൽ വീട്ടമ്മമാരുടെ പണം വരെ സംഘം ഇത്തരത്തിൽ കബളിപ്പിച്ച് കൈക്കലാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ എട്ട് പരാതികളാണ് ഇന്നലെ മാത്രം സൈബർ പോലീസിന് ലഭിച്ചിരിക്കുന്നത്. നൂറു കണക്കിന് ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും പലരും പരാതിപ്പെടാൻ തയ്യാറായിട്ടില്ല.
Comments