ന്യൂഡല്‍ഹി: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ലോകകപ്പിലെ ആവേശ പോരാട്ടമായ ഇന്ത്യ-പാക് മത്സരം മാറ്റിയേക്കും. ഒക്ടോബര്‍ 15-ന് അഹമ്മദാബാദിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിവസത്തിലാണ് മത്സരമെന്നതിനാല്‍ മത്സരത്തിന്റെ തീയതി മാറ്റുമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി സുരക്ഷാ ഏജന്‍സികള്‍ മത്സരത്തിന്റെ തീയതി മാറ്റാന്‍ ബിസിസിഐയോട് നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നായതിനാല്‍ നഗരത്തിലെ വലിയ രീതിയില്‍ തിരക്കുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തോളം കാണികളെ ഉള്‍ക്കൊള്ളുമെന്നതിനാല്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി അഹമ്മദാബാദ് നഗരത്തില്‍ അസാധാരണമായ തിരക്കുണ്ടാവുമെന്നാണ് വിലയിരുത്തല്‍.
അതേസമയം തീയതി മാറ്റാന്‍ തീരുമാനിച്ചാല്‍ അത് നേരത്തേ ടിക്കറ്റും താമസൗകര്യവും മറ്റും ബുക്ക് ചെയ്ത ആരാധകര്‍ക്ക് തിരിച്ചടിയാകും. ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പനയ്‌ക്ക് വെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിറ്റഴിഞ്ഞിരുന്നു. മാത്രമല്ല മത്സരം പ്രമാണിച്ച് നഗരത്തിലെ ഹോട്ടലുകള്‍ പലതും നേരത്തേ തന്നെ ആരാധകര്‍ ബുക്ക് ചെയ്തിരുന്നു. മത്സരം നിശ്ചയിച്ചതിനു പിന്നാലെ വിമാന ടിക്കറ്റ് വിലയും ഹോട്ടല്‍ മുറി വാടകയും ഇരട്ടിയിലധികമായിരുന്നു. ഹോട്ടലുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും താമസത്തിനായി ആശുപത്രികള്‍ വരെ ബുക്ക് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
















Comments