കൽപ്പറ്റ: മുട്ടിൽ മരംമുറിക്കേസിൽ കെഎൽസി നടപടികൾ പൂർത്തിയാക്കാനൊരുങ്ങി റവന്യൂവകുപ്പ്. കേസുകളിൽ നോട്ടീസ് നൽകി വിചാരണ പൂർത്തിയാക്കി, ഉടൻ തന്നെ പിഴ ചുമത്തി ഉത്തരവിറക്കുമെന്ന് വയനാട് കളക്ടർ അറിയിച്ചു. അതേസമയം, കേസിൽ റവന്യു വകുപ്പിന് വീഴ്ച ഉണ്ടായില്ലെന്നും കളക്ടർ ചൂണ്ടിക്കാട്ടി. എന്നാൽ വനംവകുപ്പിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് റവന്യൂവകുപ്പ്.
കെഎൽസി നടപടി വൈകാൻ കാരണം വനംവകുപ്പാണെന്ന് റവന്യൂ വകുപ്പ് പറയുന്നു. വില നിർണയ സർട്ടിഫിക്കറ്റുകൾ കിട്ടിയത് ജനുവരിയിലാണ്. ഓരോ കേസിലേയും വിവരങ്ങൾ പ്രത്യേകം നൽകാത്തതിനാൽ ഇത് പ്രത്യേകം പിഴചുമത്തുന്നതിന് തടസ്സമായി. ഓരോ കേസിലും മരത്തിന്റെ വില നിർണയിച്ചു തരണമെന്ന് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടെന്നും വനംവകുപ്പ് പറയുന്നു.
വനംവകുപ്പ് മാത്രം മുട്ടിൽ മരംമുറി കേസിൽ നടപടികളുമായി മുന്നോട്ടു പോയിരുന്നെങ്കിൽ പ്രതികൾ 500 രൂപ പിഴയടച്ചു രക്ഷപ്പെടുമായിരുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എസ്ഐടി അന്വേഷണം വന്നതിനാൽ ഗൂഢാലോചനയും തെറ്റിദ്ധരിപ്പിക്കലും അടക്കം കുറ്റങ്ങൾ കോടതിയിൽ എത്തിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ആന്റോ അഗസ്റ്റിന്റെയും റോജി അഗസ്റ്റിന്റെയും നേതൃത്വത്തിൽ 574 വർഷം പഴക്കമുളള മരങ്ങളാണ് മുറിച്ചുകടത്തിയതെന്നാണ് പീച്ചി കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ കണ്ടെത്തിയിരുന്നു. മരംകൊളള സംബന്ധിച്ച ഡിഎൻഎ പരിശോധന ഇന്ത്യയിൽ ആദ്യമായാണ് നടന്നതെന്നും മന്ത്രി പറഞ്ഞു.
മുട്ടിൽ മരംമുറിക്കേസിലെ പ്രതികളുടെ തട്ടിപ്പ് കഥകൾ ശരിയെന്ന് ഭൂവുടമകൾ വ്യക്തമാക്കി. കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി വനവാസി കർഷകർ രംഗത്തെത്തിയിരുന്നു. തങ്ങൾ ഒരു അനുമതി പത്രത്തിലും ഒപ്പിട്ടില്ലെന്നും മരം മുറിക്കാൻ വില്ലേജ് ഓഫീസറുടെ അനുമതി ഉണ്ടെന്നും പറഞ്ഞായിരുന്നു റോജി അഗസ്റ്റിൻ സമീപിച്ചതെന്നാണ് വനവാസി കർഷകർ പറഞ്ഞത്.
Comments