വാല്മീകി രാമായണം 38 -)o സർഗ്ഗത്തിൽ ജനകവംശ കീർത്തനം നടത്തുന്നു. വിശ്വാമിത്രന്റെ യാഗരക്ഷയ്‌ക്കായി പോയി മടങ്ങി വരും വഴിയാണ് അഹല്യയെക്കാണുന്നത്. അവിടെ നിന്നും വിശ്വാമിത്രനോടൊപ്പം യാത്ര ചെയ്ത് മിഥിലാപുരിയിലെത്തി. മിഥി എന്ന രാജാവ് ഭരിച്ചതിനാലാണ് മിഥില എന്ന പേരുണ്ടായത്. മിഥി നിമി എന്ന രാജാവിന്റെ മകനാണ്. മിഥിലയിലെ രാജാക്കന്മാരെ പൊതുവേ ജനകൻ എന്നാണറിയപ്പെടുന്നത്. രാജർഷിവര്യനായ ഹ്രസ്വരോമനുണ്ടായ മകനാണ് അക്കാലത്ത് മിഥില ഭരിച്ചിരുന്നത്. അദ്ദേഹത്തിന് കുശധ്വജൻ എന്നൊരു സഹോദരനും ഉണ്ടായിരുന്നു. അയോനിജയായ സീത ജനകന്റെ വളർത്തു പുത്രിയാണ്.
സീതയേയും ശൈവ ചാപവും ആവശ്യപ്പെട്ട് സാംകാശ്യപുരീ രാജാവായ സുധന്വൻ എത്തിയിരുന്നു. യുദ്ധത്തിൽ സുധന്വനെ വധിച്ച് തന്റെ സഹോദരനായ കുശധ്വജനെ രാജാവാക്കിയ കഥ വരെ ജനകൻ തന്റെ വംശ കഥയിൽ പറയുന്നു. ഇരുകൂട്ടരും വംശമഹത്വം പറഞ്ഞു കഴിഞ്ഞ് വിശ്വാമിത്രൻ വസിഷ്ഠനോട് രാമ സഹോദരന്മാരുടെ വിവാഹത്തെപ്പറ്റി സംസാരിക്കുന്നു. ജനകന്റെ മറ്റൊരുമകളായ ഊർമ്മിളയെ ലക്ഷ്മണൻ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു.
കുശധ്വജന്റെ രണ്ടു പെൺമക്കളെ ഭരതനും ശത്രുഘ്നനും വിവാഹം കഴിച്ചു കൊടുക്കുന്നതിനെപ്പറ്റി സംസാരിക്കുന്നു. ഇതെല്ലാം ഗുരുക്കന്മാരാണ് തീരുമാനിക്കുന്നത്. ദശരഥരാജാവ് സമ്മതം മൂളുക മാത്രമേ ചെയ്യുന്നുള്ളു. വസിഷ്ഠൻ കുലഗുരുവാണ്. ഗുരു പരമ്പരയ്‌ക്ക് ഭാരതത്തിൽ ഉണ്ടായിരുന്ന സ്ഥാനം കൂടി വ്യക്തമാക്കുന്നതാണ് ഈ വിവാഹാലോചനകൾ. ദശരഥനും, ജനകനും, കുശധ്വജനും ഈ തീരുമാനം അംഗീകരിക്കുന്നു. വിശ്വാമിത്രനേയും, ശതാനന്ദനെയും മുൻനിർത്തി വസിഷ്ഠനാണ് വിവാഹ കാർമ്മികത്വം വഹിച്ചത്. തുടർന്ന് രാമൻ സീതയേയും, ലക്ഷ്മണൻ ഊർമ്മിളയേയും, ഭരതൻ മാണ്ഡവിയേയും, ശത്രുഘ്നൻ ശ്രുതകീർത്തിയേയും പാണിഗ്രഹണം ചെയ്തു.
വാല്മീകിയുടെ രാമായണത്തിൽ പറയുന്ന ഈ വിവാഹച്ചടങ്ങിൽ രാമന്റെ ശക്തിക്കാണ് പ്രധാനം. പിന്നെ കുല മഹിമയും. ജാതകം നോക്കുന്നില്ല. താലികെട്ടുന്നില്ല. ചൊവ്വാദോഷം, പാപ ജാതകം ഒന്നും പരിഗണിക്കുന്നില്ല. ഗുരു ജനങ്ങളുടെയും, ഉറ്റബന്ധുക്കളുടെയും സാന്നിദ്ധ്യത്തിൽ അഗ്നിസാക്ഷിയായി പാണിഗ്രഹണം (കൈപിടിച്ച് കൊടുക്കൽ) മാത്രമേ നടക്കുന്നുള്ളു. സ്ത്രീധനത്തെപ്പറ്റി ചർച്ചയുമില്ല.
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/
















Comments