മലയാളത്തിന്റെ വാനമ്പാടിയ്‌ക്ക് ഇന്ന് അറുപതാം പിറന്നാൾ. മലയാളികളുടെ മനസിൽ പാട്ടിന്റെ സ്വരമാധുരി കൊണ്ട് മഞ്ഞൾ പ്രസാദം ചാർത്തിയ കെ എസ് ചിത്ര ഇന്ന് ഷഷ്ഠിപൂർത്തിയുടെ നിറവിലാണ്. വിനയം തുളുമ്പുന്ന പ്രതിഭയ്‌ക്ക് ഇന്ന് അറുപതിന്റെ ചെറുപ്പം. പുതുസ്വരങ്ങൾ ഗാനരംഗത്തേക്ക് കടന്നുവരുമ്പോഴും ഇന്നും ചലച്ചിത്ര പിന്നണിഗായികമാരിൽ മുൻ നിരയിൽ തന്നെ കെഎസ് ചിത്രയുണ്ട്. ആരെയും ലയിപ്പിക്കും സ്വരമാധുരിയും നിഷ്‌കളങ്കമായ ചെറുപുഞ്ചിരിക്കും ഇന്നും ആരാധകരേറെയാണ്
നാല് പതിറ്റാണ്ടിലേറെയായി മലയാളിമനസുകളിൽ ചേക്കേറിയ സ്വരമാധൂര്യത്തിന്റെ പേരാണ് കെഎസ് ചിത്ര എന്ന് നിസ്സംശയം പറയാം. നമ്മുടെയൊക്കെ ബാല്യ, കൗമാര, യൗവ്വന കാലഘട്ടത്തിൽ കെഎസ് ചിത്രയുടെ ഗാനങ്ങളിൽ ലയിച്ചിരുന്ന നിമിഷങ്ങൾ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടാകും. പ്രായഭേദമന്യേ സംഗീത പ്രേമികളിലേക്ക് ചിത്രയുടെ ഗാനങ്ങൾ നെഞ്ചിലേറ്റിയിട്ടുണ്ട്. സംഗീതപ്രേമികൾക്ക് കെഎസ് ചിത്രയുടെ സ്വരമാധൂര്യമെത്തിയത് പല ഭാവങ്ങളിലൂടെയായിരുന്നു. പ്രണയവും വിരഹവും വിഷാദവും സ്വപ്‌നവും ആസ്വാദനവും എന്നിങ്ങനെ പല ഭാവങ്ങളിൽ മലയാളത്തിന്റെ വാനമ്പാടിയായി ചിത്ര മാറി.
1979-ൽ എംജി രാധാകൃഷ്ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിലെ ചെല്ലം ചെല്ലം എന്ന ഗാനത്തിലൂടെയാണ് വാനമ്പാടിയുടെ അരങ്ങേറ്റം. എംജി രാധാകൃഷ്ണൻ ഈണമിട്ട രജനി പറയൂ എന്ന ഗാനമാണ് ചിത്രയുടെ കരിയറിലെ ആദ്യ ഹിറ്റ്. പിന്നീട് തെന്നിന്ത്യയിലേക്കും ചിത്ര ചുവടുവെച്ചു. തമിഴ് സിനിമയിലെ ഗാനത്തിൽ നിന്നുമാണ് ചിത്രയെ തേടി ആദ്യമായി ദേശീയ പുരസ്‌കാരമെത്തുന്നത്. 1986-ൽ പുറത്തിറങ്ങിയ പാടറിയേൻ പഠിപ്പറിയേൻ എന്ന ഗാനത്തിനായിരുന്നു ചിത്രയ്‌ക്ക് ആദ്യ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. തൊട്ടടുത്ത വർഷം തന്നെ മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി എന്ന ഗാനത്തിന് മലയാളഗാനാലാപനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു.
പിന്നീടങ്ങോട്ട് സിനിമ സംഗീതത്തിൽ തന്നെ അവിഭാജ്യഘടകമായി ആ ശബ്ദം മാറുകയായിരുന്നു. 18,000 ഗാനങ്ങളാണ് കെഎസ് ചിത്ര ആലപിച്ചിട്ടുള്ളത്. ഭാവതീവ്രമായ ഗാനാലാപനത്തിന് ആറ് ദേശീയ പുരസ്‌കാരങ്ങളും വിവിധ സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പത്മശ്രീ അടക്കമുള്ള പുരസ്‌കാരങ്ങൾ ചിത്രയെ തേടിയെത്തിപ്പോഴും നിഷ്‌കളങ്കമായ പുഞ്ചിരിയോട് കൂടിയാണ് ഏറ്റുവാങ്ങിയിട്ടുള്ളത്.
Comments