കഴിഞ്ഞ കുറച്ച് നാളുകളായി കാരവാൻ ടൂറിസമാണ് യാത്രകളിലെ താരം. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള യാത്രപ്ലാനുകളോ ഹോട്ടൽ ബുക്കിംഗുകളോ ഒന്നും തന്നെയില്ലാതെ ഇഷ്ടാനുസരണം പോകാം യാത്ര. ഭക്ഷണം പാകം ചെയ്യുന്നതിനും കിടന്നുറങ്ങുന്നതിനും ഉൾപ്പെടെ സ്വാതന്ത്ര്യം ഉള്ളതിനാൽ തന്നെ കാരവാൻ യാത്രകൾ ജനപപ്രീതി നേടിക്കഴിഞ്ഞു. രാജ്യത്തെ കൊറോണ മഹാമാരിയിക്ക് ശേഷമാണ് ഇന്ത്യയിൽ കാരവാൻ ടൂറിസം ശ്രദ്ധേയമാകുന്നത്. നിലവിൽ കേരളത്തിൽ എത്തുന്ന വിദേശികൾ ഉൾപ്പെടെയുള്ളവർ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുമുണ്ട്.
കേരളം
കാരവാൻ ടൂറിസത്തിന് പ്രത്യേക പ്രധാന്യം നൽകുന്ന സംസ്ഥാനമാണ് കേരളം. വിദേശികളെ ആകർഷിക്കുന്നതിനായി കാരവൻ പാർക്കുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സംസ്ഥാനം നൽകുന്നുണ്ട്. വ്യത്യസ്തമായ ലക്ഷ്യസ്ഥാനങ്ങളാണ് കേരളത്തിൽ കാരവാൻ യാത്രയ്‌ക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. ആലപ്പുഴ, കുമരകം മുതൽ മൂന്നാർ, തേക്കടി, പെരിയാർ വന്യജീവി സങ്കേതം തുടങ്ങിയ സ്ഥലങ്ങളാണ് കാരവാൻ ടൂറിസത്തിലൂടെ സഞ്ചരിക്കാനാകും. രാത്രി കാലങ്ങളിൽ കാരവാൻ പാർക്ക് ചെയ്യുന്നതിനായുള്ള കാരവാൻ പാർക്ക് വാഗമണ്ണിൽ സജ്ജമാക്കിയിട്ടുണ്ട്.
കർണ്ണാടക
കാരവാൻ യാത്രയിൽ ഏറ്റവും വ്യത്യസ്തമാർന്ന കാഴ്ചകളും പ്രകൃതി ഭംഗിയും ആസ്വദിക്കാനാകുന്ന ഇടമാണ് കർണ്ണാടക. ഏതു തരത്തിലുള്ള സഞ്ചാരികൾക്കും ആഗ്രഹത്തിന് അനുസരിച്ച് ആസ്വദിക്കുന്നതിനുള്ള ഇടങ്ങൾ ഇവിടെയുണ്ട്. ചരിത്രകാഴ്ചകൾക്കാണെങ്കിൽ ഹംപി, ബദാമി, ഐഹോള തുടങ്ങിയ സ്ഥലങ്ങൾ, മൈസൂർ, കടൽത്തീരത്തിലേക്കാണ് പോകേണ്ടതെങ്കിൽ ഗോകർണ, പ്രകൃതി സൗന്ദര്യം ആസ്വദിക്കാന് കൂർഗ്, ബന്ദിപ്പൂർ, തുടങ്ങിയ സ്ഥലങ്ങളും ഇവിടെയുണ്ട്.
ഗോവ
കടൽത്തീരങ്ങളുടെയും പബ്ബുകളുടെയും നാടായ ഗോവയും കാരവാനിൽ കറങ്ങി കാണാൻ സാധിക്കും. ബീച്ചുകൾക്ക് പുറമേ ഇവിടുത്തെ ഗ്രാമങ്ങളിലേക്കും നാട്ടിൻപുറങ്ങളിലേക്കും അവിടുത്തെ രുചി വൈവിധ്യങ്ങൾ ആസ്വദിക്കാനായി യാത്ര ചെയ്യാൻ സാധിക്കും. അർജുന, പാലോലം, കാലൻഗുട്ടെ, ബാഗെ തുടങ്ങിയ ബീച്ചുകളിലേക്ക് കാരവനുമായി പോയി ആസ്വദിക്കാവുന്നതാണ്.
മഹാരാഷ്‌ട്ര
പഴമയും പുതുമയും ഇഴചേർന്ന മനോഹര കാഴ്ചകളാണ് മഹാരാഷ്‌ട്ര സമ്മാനിക്കുന്നത്. മതേരാൻ, മഹാബലേശ്വറും ലോണാവാലയും പോലെ പ്രകൃതിയോടിണങ്ങിയ ഇടങ്ങൾ കാണുന്നതിനും അലിബാഗ്, ഗണപതിഫുലെ, ഡപോലി തുടങ്ങിയ തീരദേശ പ്രദേശങ്ങൾ ആസ്വദിക്കുന്നതിനും ഇവിടുത്തെ ഗ്രാമങ്ങളിൽ പര്യവേക്ഷണത്തിനുൾപ്പെടെ മഹാരാഷ്‌ട്രയിലെ കാരവാൻ യാത്രകൾ സഹായിക്കും. യുനസ്‌കോ പൈതൃക ലക്ഷ്യസ്ഥാനങ്ങള്, സഹ്യാദ്രി തുടങ്ങിയവയാണ് ഇവിടെ മഹാരാഷ്‌ട്രയിൽ കാരവനിൽ പോകാൻ പറ്റിയ ഏറ്റവും ഉചിതമായ സ്ഥലങ്ങൾ.
ഹിമാചൽ പ്രദേശ്
ഹിമാചൽ പ്രദേശ് ആസ്വദിക്കുന്നതിനായി ഇന്ന് ഏറ്റവും മികച്ച മാർഗ്ഗമായി കാരവാൻ മാറിയിട്ടുണ്ട്. ആശങ്കകളെല്ലാം ഒഴിവാക്കി സൗകര്യത്തിന് അനുസരിച്ച് ഹിമാചൽ കാണാൻ സാധിക്കും. മണാലി, ഷിംല, കസൗലി, ഡൽഹൗസി, ധരംശാല, സോളൻ, കുർഫി തുടങ്ങി നിരവധി സ്ഥലങ്ങളാണ് ഇവിടെയുള്ളത്.
രാജസ്ഥാൻ
കോട്ടകളാലും കൊട്ടാരങ്ങളാലും വിസ്മയം തീർത്ത് കഥയെഴുതിയ സംസ്ഥാനമാണ് രാജസ്ഥാൻ. ഇവിടുത്തെ ഭംഗി ആസ്വദിക്കുന്നതിനും കാരവാനുകൾ ഉപയോഗിക്കാം. വ്യത്യസ്ത കഥകളുറങ്ങുന്ന നഗരങ്ങളായ ജയ്പൂർ, ജോധ്പൂർ, ഉദയ്പൂർ, ജയ്‌സാൽമീർ തുടങ്ങിയ സ്ഥലങ്ങൾ ഇവിടെയുണ്ട്. ഒരുപാട് ദൂരത്തിൽ ഓരോ സ്ഥലങ്ങളും സ്ഥിതി ചെയ്യുന്ന ഇവിടം കണ്ടുതീർക്കുന്നതിനായുള്ള ഉചിതമാർഗം കാരവാനുകൾ തന്നെയാണ്.
Comments