കൽപറ്റ: മുട്ടിൽ മരംമുറി കേസ് ഉൾപ്പെടെ വയനാട് ജില്ലയിലെ പട്ടയഭൂമികളിൽ നിന്ന് അനധികൃതമായി 186 മരങ്ങൾ മുറിച്ചതിന് 8.29 കോടി രൂപ പിഴ ഈടാക്കാൻ റവന്യു വകുപ്പ് തീരുമാനിച്ചു.
കേരള ഭൂസംരക്ഷണ നിയമപ്രകാരമാണ് വനംവകുപ്പ് നിർണയിച്ച വിലയുടെ 3 ഇരട്ടിവരെ ഈടക്കി അനധികൃതമായി മരം മുറിച്ചവരിൽനിന്ന് ഈടാക്കണമെന്ന ചട്ടപ്രകാരമാണ് ഈ തുക ഈടാക്കുന്നത്. വൈത്തിരി താലൂക്കിൽ 2 കോടിയിലധികം രൂപയുടെ മരങ്ങളും ബത്തേരി താലൂക്കിൽ 9 ലക്ഷത്തിലധികം രൂപയുടെയും മരങ്ങളും മുറിച്ചെന്നാണ് റവന്യൂ വകുപ്പിനെ വനംവകുപ്പ് അറിയിച്ചത്. ഇതുപ്രകാരമാണ് 8.29 കോടി രൂപ പ്രതികളിൽ നിന്ന് ഈടാക്കാൻ റവന്യു അധികൃതർ തീരുമാനിച്ചത്.
അതേസമയം, മുട്ടിൽ മരംമുറിക്കേസിൽ കെഎൽസി നടപടികൾ പൂർത്തിയാക്കാനൊരുങ്ങിയിരിക്കുകയാണ് റവന്യൂവകുപ്പ്. കേസുകളിൽ നോട്ടീസ് നൽകി വിചാരണ പൂർത്തിയാക്കി, ഉടൻ തന്നെ പിഴ ചുമത്തി ഉത്തരവിറക്കുമെന്ന് വയനാട് കളക്ടർ അറിയിച്ചു. അതേസമയം, കേസിൽ റവന്യു വകുപ്പിന് വീഴ്ച ഉണ്ടായില്ലെന്നും കളക്ടർ ചൂണ്ടിക്കാട്ടി. നിലവിൽ മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട 43 കേസുകളിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Comments