ന്യൂഡൽഹി: പ്രോജക്ട് ടൈഗറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ 70 ശതമാനം കടുവകളും ഇന്ത്യയിലാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ പ്രോജക്ട് ടൈഗർ പദ്ധതി 50 വർഷം പൂർത്തിയാക്കിയിരുന്നു. ഇതിന് ഊന്നൽ നൽകിയാണ് പ്രധാനമന്ത്രി ഇക്കാര്യം പരാമർശിച്ചത്. സംരക്ഷണ പദ്ധതിയായ ‘പ്രോജക്ട് ടൈഗർ’ വിജയിച്ചുവെന്നതിന്റെ ഫലസൂചനയാണ് 70 ശതമാനം കടുവകളും ഇന്ത്യയിലുണ്ടായതെന്നും പ്രധാനമന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച ചെന്നൈയിൽ നടന്ന ജി20 പരിസ്ഥിതി കാലാവസ്ഥാ സുസ്ഥിര മന്ത്രിതല യോഗത്തിന് നൽകിയ വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.പ്രോജക്ട് ടൈഗറിന് പുറമേ പ്രോജക്ട് ഡോൾഫിനും ഒരുങ്ങുന്നതായി അദ്ദേഹം പറഞ്ഞു.
ഈ വർഷം ഏപ്രിലിൽ കർണാടകയിലെ മൈസൂരു സർവകലാശാലയിൽ പ്രോജക്ട് ടൈഗർ അമ്പതാം വർഷം പൂർത്തിയാക്കിയതിന്റെ അനുസ്മരണം നടന്നിരുന്നു. യോഗത്തിൽ ഇന്റർനാഷണൽ ബിഗ് ക്യാറ്റ്‌സ് അലയൻസ് ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞിരുന്നു. രാജ്യത്തെ കാലാവസ്ഥാ പ്രതിബദ്ധതകളെക്കുറിച്ച് ഊന്നിപ്പറഞ്ഞ അദ്ദേഹം പുനരുപയോഗ ഊർജ്ജ ശേഷിയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു. ജൈവവൈവിദ്ധ്യ സംരക്ഷണം, സമ്പുഷ്ടീകരണം എന്നിവയിൽ നടപടി സ്വീകരിക്കുന്നതിൽ ഇന്ത്യ മുൻപന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു.
Comments