വർക്കല: പള്ളിക്കലിൽ ബന്ധുവീട്ടിൽ വിവാഹ വിരുന്നിനായി എത്തിയപ്പോൾ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കടയ്ക്കൽ സ്വദേശി സിദ്ദിഖ് (27), ഭാര്യ നൗഫിയ(20) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവർക്കൊപ്പം പുഴയിൽ വീണ ബന്ധു അൻസൽഖാന്റെ (22) മൃതദേഹം ഇന്നലെ രാത്രി കണ്ടെത്തിയിരുന്നു.
പകൽക്കുറി പള്ളിക്കൽ പുഴയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. കഴിഞ്ഞ 16നായിരുന്നു സിദ്ദിഖിന്റെയും നൗഫിയയുടെയും വിവാഹം. ഇരുവരും പള്ളിക്കലിലെ ബന്ധുവായ അൻസൽ ഖാന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു. വിരുന്നിന് ശേഷം ഇവർ പുഴയോരത്ത് എത്തുകയായിരുന്നു. തുടർന്ന് അവിടെ സെൽഫിയെടുക്കുകയും വെള്ളത്തിൽ ഇറങ്ങുകയും ചെയ്യുന്നതിനിടയിൽ കാൽ വഴുതി വീഴുകയായിരുന്നു. സന്ധ്യയോടെ മീൻപിടിക്കാനെത്തിയവർ ചെരിപ്പും വാഹനവും കണ്ട് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് അൻസൽ ഖാന്റെ മൃതദേഹം രാത്രിയോടെ കണ്ടെത്തിയത്. രാത്രി വൈകിയും മറ്റുള്ളവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടർന്നു. ദുഷ്കരമായ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ ആദ്യം നൗഫിയയുടെയും പിന്നാലെ സിദ്ദിഖിന്റെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.
Comments