എറണാകുളം: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസ്ഫാക്ക് ബിഹാർ സ്വദേശി തന്നെയെന്ന് സ്ഥിരീകരിച്ചതായി ഡിഐജി എ. ശ്രീനിവാസ്. അസ്ഫാക് മാത്രമാണ് കൃത്യം നടത്തിയതെന്നും കൂടുതൽ പേർക്ക് പങ്കില്ലെന്നും ഡിഐജി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അസ്ഫാക്ക് ബിഹാർ സ്വദേശിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ബിഹാർ പോലീസുമായി ബന്ധപ്പെട്ടിരുന്നു. പ്രതി ഉളിയന്നൂരിലാണ് താമസിച്ചിരുന്നത്. പ്രതിയെ കുറിച്ചുള്ള മറ്റ് കാര്യങ്ങൾ അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ട് മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം പരിശോധിക്കുന്നതായിരിക്കും. നിലവിലുള്ള സാക്ഷികളുടെയും കൂടാതെ മറ്റ് ഏതെങ്കിലും സാക്ഷികളുടെയും മൊഴികൾ വിലയിരുത്തി കേസിന്റെ തുടർ നടപടികൾ സ്വീകരിക്കും. കേസ് തെളിയിക്കപ്പെട്ടത് കൊണ്ടാണ് പ്രതിയ്‌ക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. ഇനിയും എല്ലാ തെളിവുകളും ശേഖരിക്കും’അദ്ദേഹം പറഞ്ഞു.
‘പ്രതിയുടെ റിമാൻഡ് കാലാവധി അനുസരിച്ച് പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. അന്വേഷണ സംഘം ബിഹാറിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ഇതുവരെയുള്ള അന്വേഷണത്തിൽ മറ്റുള്ളവരുടെ പങ്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല. ചോദ്യം ചെയ്ത ശേഷം സമഗ്രമായ അന്വേഷണം നടത്തും. സാക്ഷികളെ നിയമപരമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ആലോചിക്കും. കേരളത്തിൽ മറ്റ് കേസുകളിൽ അസ്ഫാക്ക് ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും’ ഡിഐജി അറിയിച്ചു.















